വൈദ്യുതി വിറ്റ് കാശാക്കാൻ കെ എസ്ഇബി ; ഡിമാൻ്റ് പോര; കുറഞ്ഞ വിലയ്ക്ക് ആർക്കും കറണ്ട് വാങ്ങാം

ഇടുക്കി: അണക്കെട്ടിൽ 92 ശതമാനം വെളളമുള്ളതിനാൽ വൈദ്യുതി ഉത്പാദനവും കൂട്ടി കറണ്ട് വില്‍ക്കാൻ കെഎസ്ഇബി. കനത്തമഴകാരണം ഇടുക്കി അണക്കെട്ടില്‍ ഇപ്പോള്‍ ജലനിരപ്പ് ഉയർന്നിരിക്കയാണ്. സംസ്ഥാനത്ത് വൈദ്യുതി ഉപയോഗം പൊതുവേ കുറഞ്ഞിരിക്കയാണ്. ഇതിനനുസരിച്ച്‌ ഉത്പാദനം കുറച്ചാല്‍ വെളളം വെറുതേ തുറന്നുവിടേണ്ടിവരും. ഈ സാഹചര്യത്തിലാണ് കെ എസ്ഇബി ഉത്പാദനവും കൂട്ടിയത് . ഇങ്ങനെ ലഭിക്കുന്ന കറണ്ട് വില്‍ക്കുകയാണ്.

ഇന്നലെമാത്രം 40 ലക്ഷത്തോളം യൂണിറ്റാണ് വിറ്റത്. വെളളിയാഴ്ച 34.05 ലക്ഷം യൂണിറ്റും വ്യാഴാഴ്ച 18.7ലക്ഷം യൂണിറ്റുമാണ് വിറ്റത്. പക്ഷേ, കറണ്ട് വാങ്ങാന്‍ പ്രതീക്ഷിച്ചത്ര ആളില്ല. അതിനാല്‍ വിലയും കുറഞ്ഞു. ഒരു യൂണിറ്റിന് 2.91രൂപയാണ് വില.

അതേസമയം കെ എസ് ഇ ബി കറണ്ടുവില്‍ക്കുന്നുണ്ടെങ്കിലും കേരളം ഇപ്പോഴും കറണ്ട് വാങ്ങുകയാണ്. ദീര്‍ഘകാല കരാറായതിനാല്‍ കറണ്ട് വാങ്ങുന്നത് വേണ്ടെന്നുവയ്ക്കാനാവില്ല എന്നതുതന്നെ കാരണം. ഇന്നലെ മൂലമറ്റം നിലയത്തില്‍ 10.1യൂണിറ്റ് വൈദ്യുതിയാണ് ഉത്പാദിപ്പിച്ചത്. ആറുജനറേറ്ററുകളില്‍ നാലെണ്ണം മാത്രമേ ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നുളളൂ.

അണക്കെട്ടിലെ ജലനിരപ്പ് ഇനിയും കൂടിയാല്‍ അടുത്തയാഴ്ചമുതല്‍ ഉത്പാദനം വീണ്ടും കൂട്ടും. ഇപ്പോള്‍ 2393.62 അടിയാണ് ജലനിരപ്പ്. മഴകുറഞ്ഞതിനാല്‍ ഡാമിലേക്കുളള നീരൊഴുക്ക് കുറഞ്ഞിട്ടുണ്ട്.

സംസ്ഥാനത്തെ കെ എസ് ഇ ബി അണക്കെട്ടുകളില്‍ ഇപ്പോള്‍ 86.33 ശതമാനം വെളളമുണ്ടെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. പ്രധാന പദ്ധതികളായ ഇടുക്കി, പമ്ബ, ഷാേളയാര്‍,ഇടമലയാര്‍,കുണ്ടള,മാട്ടുപ്പെട്ടി അണക്കെട്ടുകളില്‍ 86ശതമാനം വെളളമാണ് ഇപ്പോഴുളളത്.