തിരുവനന്തപുരം: കടലാക്രമണം തടയാനുളള ജിയോട്യൂബ് പദ്ധതിക്ക് അനുമതി വൈകുന്നതിൽ പൊട്ടിത്തെറിച്ച് ഫിഷറീസ് മന്ത്രി ജെ.മേഴ്സിക്കുട്ടിയമ്മ. മന്ത്രിസഭാ യോഗത്തിലാണ് ക്ഷുഭിതയായത്. പൈലറ്റ് പദ്ധതിയുടെ കരാർ ഉൾപ്പെടെ വീണ്ടും പരിശോധിക്കണമെന്ന നിയമമന്ത്രി എ.കെ. ബാലന്റെ നിർദ്ദേശമാണ് മേഴ്സിക്കുട്ടിയമ്മയെ പ്രകോപിപ്പിച്ചത്.
കിഫ്ബി സഹായത്തോടെ പൂന്തുറ, ശംഖുമുഖം തീരത്താണ് പൈലറ്റ് പദ്ധതി നടപ്പിലാക്കുന്നത്. പദ്ധതിയുടെ കരാർ നൽകുന്ന നടപടിയുമായി മുന്നോട്ട് പോകുമ്പോഴാണ് തടസം വന്നത്. ഇക്കാര്യം ഫിഷറീസ് മന്ത്രി ജെ.മേഴ്സിക്കുട്ടിയമ്മ മന്ത്രിസഭാ യോഗത്തിൽ പറഞ്ഞു. കരാർ നൽകിയത് ഉൾപ്പെടെ ഒരിക്കൽ കൂടി പരിശോധിക്കണം എന്ന് നിയമമന്ത്രി എ.കെ.ബാലൻ പറഞ്ഞു. ഇതാണ് മന്ത്രിമേഴ്സിക്കുട്ടി അമ്മയെ പ്രകോപിപ്പിച്ചത്.
ഇങ്ങനെ പോയാൽ പദ്ധതി ഈ സർക്കാരിന്റെ കാലത്ത് നടക്കുമോയെന്ന് ചോദിച്ചായിരുന്നു മന്ത്രി രോഷം പ്രകടിപ്പിച്ചത്. പരിശോധന തീരുമ്പോഴേക്ക് സർക്കാരിന്റെ കാലാവധി തീരുമെന്ന് മേഴ്സിക്കുട്ടിയമ്മ പറഞ്ഞു. ജിയോട്യൂബ് സംസ്ഥാനത്താദ്യമായി നടപ്പാക്കുന്നതായത് കൊണ്ട് ഇതേപ്പറ്റി സർക്കാരിന് മുന്നിൽ വ്യക്തമായ മാനദണ്ഡമില്ല. അതു കൊണ്ടാണ് നിയമപരമായ പരിശോധന വേണ്ടിവരുന്നതെന്ന് മന്ത്രി എകെ ബാലന്‍ ചൂണ്ടിക്കാട്ടി. അതിലും മേഴ്സിക്കുട്ടിയമ്മ തൃപ്തയായില്ല. തർക്കങ്ങൾക്ക് ഇടയിൽ മുഖ്യമന്ത്രി മൗനം പാലിക്കുകയായിരുന്നു.