എറണാകുളം: സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് എന്‍ഫോഴ്സ്മെന്റും കസ്റ്റംസും രജിസ്റ്റര്‍ ചെയ്ത കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശിവശങ്കര്‍ മുന്‍കൂര്‍ ജാമ്യം തേടി. വീണ്ടും ചോദ്യം ചെയ്യലിന് ഇരു ഏജന്‍സികളും നോട്ടീസ് നല്‍കിയ സാഹചര്യത്തിലാണ് പുതിയ നീക്കവുമായി ഹൈ കോടതിയെ സമീച്ചത്.
സ്വര്‍ണക്കടത്തിലെ കള്ളപ്പണ ഇടപാടുകള്‍ സംബന്ധിച്ച കേസില്‍ പ്രതിയല്ലാതിരുന്നിട്ടും പ്രാഥമിക കുറ്റപത്രത്തില്‍ ശിവശങ്കറിനെതിരെ ഗുരുതരമായ ആരോപണങ്ങളാണ് എന്‍ഫോഴ്സമെന്‍റ് ഉന്നയിച്ചത്. ശിവശങ്കറും സ്വപ്നയും തമ്മിലുള്ള ബന്ധം പ്രതികള്‍ ഉപയോഗപ്പെടുത്തിയോ എന്ന് കണ്ടെത്താന്‍ കൂടുതല്‍ അന്വേഷണം വേണമെന്നാണ് എന്‍ഫോഴ്സമെന്‍റിന്‍റെ നിലപാട്. ഈ സാഹചര്യത്തിലാണ് ഇന്ന് വീണ്ടും ചോദ്യം ചെയ്യലിന് ഹാജരാകാന്‍ എം.ശിവശങ്കറിന് ഇ.ഡി നോട്ടീസ് നല്‍കിയതും.
എന്നാല്‍ ഇതിന് പിന്നാലെ കസ്റ്റംസും എന്‍ഫോഴ്സ്മെന്‍റും രജിസ്റ്റര്‍ ചെയ്ത കേസുകളില്‍ ശിവശങ്കര്‍ ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചു. അന്വേഷണവുമായി ഏതു ഘട്ടത്തിലും സഹകരിക്കാന്‍ തയാറാണെന്ന് ശിവശങ്കര്‍ ഹര്‍ജിയില്‍ വ്യക്തമാക്കി. എന്‍ഫോഴ്സ്മെന്‍റ് കുറ്റപത്രം സമര്‍പ്പിച്ചതാണെന്നും മുന്‍കൂര്‍ ജാമ്യഹര്‍ജിയിലുണ്ട്.
കസ്റ്റംസ് ശിവശങ്കറിനെ കഴിഞ്ഞ ദിവസം ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചിരുന്നെങ്കിലും കൂടുതല്‍ തെളിവുകള്‍ ശേഖരിച്ച ശേഷം ചോദ്യം ചെയ്യല്‍ മതിയെന്ന തീരുമാനത്തെത്തുടര്‍ന്ന് ഇത് മാറ്റിവച്ചിരുന്നു. സ്വപ്നയുടെ കള്ളപ്പണം സൂക്ഷിച്ച തിരുവനന്തപുരത്തെ ചാര്‍ട്ടേഡ് അക്കൗണ്ടന്‍റ് പി. വേണുഗോപാലും ശിവശങ്കറും തമ്മില്‍ നടത്തിയ ദുരൂഹ വാട്സ് ആപ് ചാറ്റുകള്‍ കസ്റ്റംസും പരിശോധിച്ചിട്ടുണ്ട്. സ്വപ്ന കൊണ്ടുവന്ന 30 ലക്ഷം രൂപ സൂക്ഷിക്കുന്നതിനെക്കുറിച്ച് ശിവശങ്കര്‍ നല്‍കിയ നിര്‍ദേശങ്ങള്‍ ഇപ്പോഴും സംശയനിഴലിലാണ്.