ലൈഫ് മിഷൻ; സിബിഐ അന്വേഷണത്തിന് ഹൈക്കോടതിയുടെ ഇടക്കാല സ്റ്റേ

കൊച്ചി: വടക്കാഞ്ചേരി ലൈഫ് മിഷൻ ഇടപാടുമായി ബന്ധപ്പെട്ട സിബിഐ അന്വേഷണത്തിന് ഹൈക്കോടതിയുടെ ഇടക്കാല സ്റ്റേ. ലൈഫ് മിഷൻ ഇടപാടുമായി ബന്ധപ്പെട്ട സിബിഐ അന്വേഷണത്തിനെതിരെ സംസ്ഥാന സർക്കാരും യൂണിടാക്ക് ഉടമ സന്തോഷ് ഈപ്പനും നൽകിയ ഹർജിയിലാണ് സ്റ്റേ.
രണ്ടു മാസത്തേക്കാണ് സ്റ്റേ അനുവദിച്ചത്. ജസ്റ്റിസ് വി.ജി. അരുൺ ആണ് വിധി പറഞ്ഞത്. രണ്ട് മാസത്തേക്ക് സിബിഐ അന്വേഷണം സ്റ്റേ ചെയ്യുകയായിരുന്നു.

ലൈഫ് മിഷന്‍ ഇടപാടില്‍ വിദേശ സംഭാവനാ ചട്ടത്തിന്റെ (എഫ്‌സിആര്‍എ) ലംഘനമുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് സിബിഐ കേസ് രജിസ്റ്റര്‍ ചെയ്തത്. എന്നാല്‍ കേസില്‍ എഫ്‌സിആര്‍എ നിലനില്‍ക്കില്ലെന്നു സര്‍ക്കാര്‍ വാദിച്ചു. ഇതു പരിഗണിച്ചാണ് അന്വേഷണം സ്റ്റേ ചെയ്തുകൊണ്ടുള്ള കോടതി ഉത്തരവ്. കേസില്‍ എഫ്‌സിആര്‍എ ബാധകമാവുമെന്നു സ്ഥാപിക്കാന്‍ സിബിഐയ്ക്കായില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി.

ലൈഫ് മിഷന്‍ ഉദ്യോഗസ്ഥരെ അന്വേഷണ പരിധിയില്‍ കൊണ്ടുവന്നതിനെതിരെ സിഇഒ യുവി ജോസ് നല്‍കിയ ഹര്‍ജിയിലാണ് ഭാഗിക സ്‌റ്റേ. എഫ്‌ഐആര്‍ റദ്ദാക്കണമെന്ന് ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നെങ്കിലും ഈ ഘട്ടത്തില്‍ കോടതി അതു പരിഗണിച്ചില്ല. സമാന ആവശ്യവുമായി നിര്‍മാണ കമ്പനിയായ യൂണിടാക്കും ഹര്‍ജി നല്‍കിയിരുന്നെങ്കിലും ഇതില്‍ സ്റ്റേ അുവദിച്ചിട്ടില്ല. ഹര്‍ജികളില്‍ വിശദമായി വാദം കേള്‍ക്കുമെന്ന് കോടതി വ്യക്തമാക്കി.

സംസ്ഥാന സര്‍ക്കാരോ കോടതിയോ ആവശ്യപ്പെടാതെയുള്ള സിബിഐ അന്വേഷണം ഫെഡറല്‍ സംവിധാനത്തിന് വിരുദ്ധമാണെന്ന് ലൈഫ് മിഷന്‍ ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. കോണ്‍സുലേറ്റിന്റെ പണം യൂണിടാക്ക് വാങ്ങിയതില്‍ സര്‍ക്കാരിന് പങ്കില്ല. ലൈഫ് മിഷന് വിദേശത്ത് നിന്ന് പണം ലഭിച്ചിട്ടില്ലെന്നും എഫ്‌സിആര്‍എ പരിധിയില്‍ വരില്ലെന്നും സര്‍ക്കാര്‍ വാദിച്ചു.

ലൈഫ് മിഷന്‍ പദ്ധിയുമായി ബന്ധപ്പെട്ട് വലിയ ഗൂഢാലോചന നടന്നെന്നും കേന്ദ്ര സര്‍ക്കാരിന്റെ അനുമതിയില്ലാതെയാണ് സംസ്ഥാന സര്‍ക്കാര്‍ പദ്ധതിക്കായി വിദേശ സഹായം സ്വീകരിച്ചതെന്നും സിബിഐ വാദിച്ചു. യൂണിടാക്കിന് കരാര്‍ ലഭിച്ചത് ടെന്‍ഡര്‍ വഴിയാണെന്നുള്ളത് കളവാണെന്നും സിബിഐ പറഞ്ഞു. റെഡ് ക്രസന്റില്‍ നിന്ന് കോണ്‍സുലേറ്റിന്റെ അക്കൗണ്ടിലേക്ക് പണം വരികയും അവിടെനിന്ന് യൂണിടാക്കിന് കൈമാറുകയാണ് ചെയ്തതെന്നും സിബിഐ കോടതിയില്‍ പറഞ്ഞു.