പോലീസ് ഉദ്യോഗസ്ഥരുടെ വ്യാജ ഫേസ്ബുക്ക് അക്കൗണ്ട് ; പിന്നിൽ ഉത്തരേന്ത്യൻ സംഘം

തിരുവനന്തപുരം: പൊലീസ് ഉദ്യോഗസ്ഥരുടെയും മറ്റ് ഉന്നതരുടയും വ്യാജ ഫേസ്ബുക്ക് അക്കൗണ്ട് ഉണ്ടാക്കി പണം തട്ടുന്നതിന് പിന്നില്‍ ഉത്തരേന്ത്യന്‍ സംഘമെന്ന് അന്വേഷണ സംഘം. ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ പേരും ചിത്രവും ഉപയോഗിച്ച്‌ ഫേസ്ബുക്ക് അക്കൗണ്ട് ഉണ്ടാക്കുകയും, ചാറ്റ് ചെയ്ത് പണം തട്ടുകയുമായിരുന്നു ഇവരുടെ പ്രധാന ജോലി.

വ്യാജ മേല്‍വിലാസം ഉപയോഗിച്ചാണ് ജയില്‍ മേധാവി ഋഷിരാജ് സിംഗിന്റെയും, ഐ.ജി പി.വിജയന്റെയും പേരില്‍ ഫേസ്ബുക്ക് അക്കൗണ്ട് ഉണ്ടാക്കിയത് എന്നാണ് അന്വേഷണ സംഘം കണ്ടെത്തിയത്. ഋഷിരാജ് സിംഗിന്റെ പേരില്‍ ഫേസ്ബുക്ക് അക്കൗണ്ട് ഉണ്ടാക്കിയവര്‍ അഞ്ച് മൊബൈല്‍ നമ്പരുകൾ വരെ ഉപയോഗിച്ചിട്ടുണ്ട്.

സംശയം തോന്നിയ നമ്പരുകൾ കേന്ദ്രീകരിച്ച്‌ അന്വേഷണം നടത്തിയപ്പോള്‍ തട്ടിപ്പുസംഘം ഹരിയാന, രാജസ്ഥാന്‍,ഉത്തര്‍പ്രദേശ് എന്നിവിടങ്ങളിലുള്ളതാണെന്ന് വ്യക്തമായി. പി വിജയന്റെ വ്യാജ ഫേസ്ബുക്ക് അക്കൗണ്ട് ഉണ്ടാക്കിയവര്‍ രണ്ട് മൊബൈല്‍ നമ്പറുകളാണ് ഉപയോഗിച്ചത്. ഇവര്‍ രാജസ്ഥാന്‍,ഹരിയാന എന്നിവടങ്ങളില്‍ നിന്നുള്ളവരാണ്. തട്ടിപ്പിന് പിന്നില്‍ വന്‍ സംഘമുണ്ടെന്നാണ് അന്വേഷണ സംഘത്തിന്റെ വിലയിരുത്തല്‍.