പുല്‍പ്പളളിയില്‍ അഞ്ചംഗ നായാട്ട് സംഘത്തെ പിടികൂടി

കൽപ്പറ്റ: പുല്‍പ്പളളിയില്‍ അഞ്ചംഗ നായാട്ട് സംഘത്തെ പിടികൂടി. നാടന്‍ തോക്കും തിരകളുമായാണ് സംഘത്തെ പിടികൂടിയത്. പുല്‍പ്പള്ളി റെയ്ഞ്ച് ഓഫീസര്‍ക്ക് കിട്ടിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ തിരച്ചിലിലാണ് സംഘത്തെ പിടികൂടാനായത്.

പുല്‍പ്പള്ളി നീര്‍വാരം മണിക്കോട് നഞ്ചന്‍മൂല വനത്തില്‍ നിന്നാണ് പുലര്‍ച്ചെ ഒരു മണിയോടെ അഞ്ചു പേരടങ്ങുന്ന നായാട്ടു സംഘത്തെ നാടന്‍ തോക്കും,തിരകളുമായി പിടികൂടിയത്. പുല്‍പ്പള്ളി റെയ്ഞ്ച് ഓഫീസര്‍ക്ക് കിട്ടിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ പുല്‍പ്പള്ളി ഡപ്യൂട്ടി റെയ്ഞ്ച് ഓഫീസര്‍ ബി.പി സുനില്‍ കുമാറിന്റെ നേതൃത്വത്തിലാണ് നായാട്ടു സംഘത്തിനായി തിരച്ചില്‍ നടത്തിയത്.

അഞ്ചുകുന്ന് കല്ലിട്ടാംകുഴിയില്‍ വേണുഗോപാല്‍ (49), പനമരം തെന്നശ്ശേരി സ്വദേശി പി.സി ഷിബി (44), കമ്ബളക്കാട് തുന്നല്‍ക്കാട്ടില്‍ ടി.കെ ഹാരിസ് (41), കമ്ബളക്കാട് കിഴക്കന്‍ മൂലയില്‍ കെ.കെ രാജേഷ് (44), അരിഞ്ചേര്‍മല ഞാറക്കാട്ടില്‍ സത്യന്‍ (44) എന്നിവരാണ് പിടിയിലായത്.ഇവരുടെ കയ്യില്‍ നിന്നും ഒരു നാടന്‍ നിറ തോക്കും, 25 തിരകളും വനപാലകര്‍ പിടിച്ചെടുത്തു. ഇവര്‍ സഞ്ചരിച്ചിരുന്ന ഓമ്നി വാനും കസ്റ്റഡിയിലെടുത്തിട്ടുണ്ട്.