കൊറോണ വ്യാപനം; 144 പ്രഖ്യാപിച്ച സർക്കാർ ബാർ തുറക്കുമോ; തീരുമാനം നാളെ

തിരുവനന്തപുരം : കൊറോണ വ്യാപനം രൂക്ഷമായിരിക്കെ ബാറുകൾ തുറക്കുന്നത് സംബന്ധിച്ച് തീരുമാനമെടുക്കാൻ മുഖ്യമന്ത്രി വിളിച്ച ഉന്നതതലയോ​ഗം നാളെ നടക്കും. ഓൺലൈനിലൂടെ നടക്കുന്ന യോഗത്തിൽ എക്സൈസ് മന്ത്രി, എക്സൈസ് കമ്മിഷണർ, ബെവ്കോ എംഡി, ചീഫ് സെക്രട്ടറി, ആരോ​ഗ്യവകുപ്പ് സെക്രട്ടറി തുടങ്ങിയവർ പങ്കെടുക്കും.

ബാറുകൾ തുറക്കാനുള്ള ശുപാർശ അടങ്ങിയ ഫയൽ ആഴ്ചകൾക്കു മുൻപ് എക്സൈസ് കമ്മിഷണർ മന്ത്രി വഴി മുഖ്യമന്ത്രിക്കു സമർപ്പിച്ചെങ്കിലും തീരുമാനമെടുത്തിരുന്നില്ല. കൊറോണ വ്യാപിക്കുന്ന സാഹചര്യവും 144 പ്രഖ്യാപിച്ചതും കണക്കിലെടുത്താണു തീരുമാനം വൈകിയത്. എന്നാൽ, കൊറോണ വ്യാപനം രൂക്ഷമായ സാഹചര്യത്തിലും മറ്റു സംസ്ഥാനങ്ങളിൽ ബാറുകൾ തുറന്നുവെന്നതിൻ്റെ ചുവടുപിടിച്ചു കരുക്കൾ നീക്കുകയാണ് ബാർ ലോബിയെ അനുകൂലിക്കുന്നവർ.

ഈ പശ്ചാത്തലത്തിൽ മുഖ്യമന്ത്രിയുടെ ഓഫിസിന്റെ നിർദേശ പ്രകാരം എക്സൈസ് വകുപ്പ് കഴിഞ്ഞയാഴ്ച വീണ്ടും ശുപാർശ നൽകി. ബാർ ഉടമകളുടെ നിവേദനത്തിന്റെ അടിസ്ഥാനത്തിലായിരുന്നു ശുപാർശ. കൊറോണ മാനദണ്ഡങ്ങൾ പാലിച്ച് റെസ്റ്റോറന്റുകളും ഹോട്ടലുകളും തുറക്കാൻ അനുവദിച്ച സാഹചര്യത്തിൽ ബാറുകളിലും മദ്യം വിളമ്പാൻ അനുവദിക്കണമെന്നാണ് ബാറുടമകളുടെ ആവശ്യം. ആരോ​ഗ്യവകുപ്പിന്റെ നിലപാട് അനുസരിച്ചായിരിക്കും അന്തിമ തീരുമാനം.

ബാറുകൾ തുറക്കാൻ തീരുമാനിച്ചാൽ കൗണ്ടർ വഴിയുള്ള വിൽപന അവസാനിപ്പിക്കും. ക്ലബ്ബുകളിലും ഇരുന്നു മദ്യപിക്കാൻ അനുമതി നൽകി കൗണ്ടർ വിൽപന നിർത്തലാക്കും. ബാറുകളിലൂടെയുള്ള കൗണ്ടർ വിൽപന അവസാനിപ്പിക്കണമെന്ന് ബവ്കോ ആവശ്യപ്പെട്ടിട്ടുണ്ട്. ബാറുകളിൽ കൗണ്ടർ ആരംഭിച്ചത് ബവ്കോയ്ക്കു വലിയ നഷ്ടമുണ്ടാക്കിയിരുന്നു.