അശ്ലീല യൂട്യൂബർ വിജയ് പി നായരുടെ അക്കൗണ്ട് യൂട്യൂബ് നീക്കം ചെയ്തു

തിരുവനന്തപുരം: സ്ത്രീകളെ അപമാനിക്കുന്ന വീഡിയോകൾ ചെയ്ത അശ്ലീല വ്ലോഗർ വിജയ് പി നായരുടെ അക്കൗണ്ട് യൂട്യൂബ് നീക്കം ചെയ്തു. ഇതോടെ ഇയാൾ ചെയ്ത എല്ലാ വീഡിയോകളും നീക്കം ചെയ്യപ്പെട്ടിരിക്കുകയാണ്. യൂട്യൂബാണ് ഇയാളുടെ ചാനലിലെ വീഡിയോ നീക്കം ചെയ്തത്. ഇത് നീക്കം ചെയ്യാൻ പൊലീസ് ആവശ്യപ്പെടാനിരിക്കെയാണ് യൂട്യൂബിന്റെ നടപടി.ഇന്ന് കോടതിയിൽ ഹാജരാക്കാനിരിക്കെയാണ് അക്കൗണ്ട് നീക്കം ചെയ്യപ്പെട്ടിരിക്കുന്നത്.

കല്ലിയൂരിലുള്ള വീട്ടിൽ നിന്നും വിജയ് പി നായരെ ഇന്നലെ പൊലീസ് കസ്റ്റഡിയിൽ എടുത്തിരുന്നു. ഐടി ആക്ടിലെ 67, 67 (a) വകുപ്പുകള്‍ പ്രകാരം ജാമ്യമില്ലാ വകുപ്പുകൾ ചുമത്തിയാണ് ഇയാൾക്കെതിരെ കേസെടുത്തത്. അഞ്ചുവർഷം വരെ തടവ് ലഭിക്കാവുന്ന കുറ്റമാണ് വിജയ് പി നായര്‍ക്കെതിരെ ചുമത്തിയിട്ടുള്ളത്.

ആക്ടിവിസ്റ്റും അധ്യാപികയുമായ ശ്രീലക്ഷ്മി അറയ്ക്കൽ നൽകിയ പരാതിയിലാണ് മ്യൂസിയം പൊലീസ് കേസെടുത്തത്.

ഭാഗ്യലക്ഷ്മിയുടെ നേതൃത്വത്തിൽ വിജയ്. പി. നായർക്കെതിരെ നടന്ന പ്രതിഷേധം ഏറെ വിവാദമായിരുന്നു. ആക്ടിവിസ്റ്റായ ദിയ സന, ശ്രീലക്ഷ്മി അറയ്ക്കൽ എന്നിവരും പ്രതിഷേധത്തിൽ പങ്കെടുത്തു. യൂട്യൂബ് ചാനലിൽ സ്ത്രീകൾക്കെതിരെ അശ്ലീല പരാമർശം നടത്തിയതിനായിരുന്നു പ്രതിഷേധം. വീഡിയോ ഫേസ്ബുക്കിലൂടെ ലൈവായി നൽകുകയും ചെയ്തിരുന്നു.

സ്ത്രീകളെയും ഭാരതീയ സംസ്ക്കാരത്തെയും കുടുംബ ജീവിതത്തെയും മ്ലേശ്ചമായി അവതരിപ്പിക്കുന്ന ഒട്ടേറെ വീഡിയോകൾ ഇയാൾ ഇട്ടതായി പരാതി ഉയർന്നിരുന്നു. കച്ചവടക്കണ്ണോടെയാണ് ഇയാൾ ലൈംഗീക അരാജകത്വം വിളമ്പിയിരുന്നതായാണ് ആക്ഷേപം. ക്ലിനിക്കൽ സൈക്കോളജിസ്റ്റ് എന്ന വ്യാജേന നിരവധി യുവാക്കളെയടക്കം വിജയ്. പി നായർ വഴി തെറ്റിച്ചതായി പരാതി ഉയർന്നിട്ടുണ്ട്.

സൈക്കോളജിസ്റ്റാണെന്ന വ്യാജേനയായിരുന്നു യൂട്യൂബിലൂടെ ഇയാൾ സ്ത്രീകളെ അധിക്ഷേപിച്ചിരുന്നത്. ചെന്നൈ ആസ്ഥാനമായി പ്രവർ‍ത്തിക്കുന്ന ഗ്ലോബൽ ഹ്യൂമൻ പീസ് സർവ്വകലാശാലയിൽ നിന്നും ഡോക്റേറ്റ് ഉണ്ടെന്നായിരുന്നു ഇയാളുടെ അവകാശ വാദം. എന്നാൽ ചെന്നൈയിൽ ഗ്ലോബൽ ഹ്യൂമൻ പീസ് സർവ്വകലാശാലയുടെ ഓഫീസ് പ്രവർത്തിക്കുന്നില്ല.