ഗർഭിണിക്ക് ചികിത്സ നിഷേധിച്ച സംഭവം; മഞ്ചേരി മെഡിക്കൽ കോളേജ് സൂപ്രണ്ടിനും പ്രിൻസിപ്പലിനും ജില്ലാ കളക്ടർ കാരണം കാണിക്കൽ നോട്ടീസ് നൽകി

മലപ്പുറം: ഗർഭിണിക്ക് ചികിത്സ നിഷേധിച്ച സംഭവത്തിൽ മഞ്ചേരി മെഡിക്കൽ കോളേജ് സൂപ്രണ്ടിനും പ്രിൻസിപ്പലിനും കാരണം കാണിക്കൽ നോട്ടീസ്. നോട്ടീസ് ലഭിച്ച് 24 മണിക്കൂറിനകം രേഖാമൂലം മറുപടി നൽകാനാണ് ആവശ്യപ്പെട്ടിട്ടുള്ളത്. മറുപടി നൽകിയില്ലെങ്കിൽ യാതൊന്നും ബോധിപ്പിക്കാനില്ലെന്ന നിഗമനത്തിൽ നിയമാനുസൃത തുടർ നടപടികൾ സ്വീകരിക്കുമെന്നും നോട്ടീസിൽ വ്യക്തമാക്കിയിട്ടുണ്ട്.

ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയർമാൻ കൂടിയായ മലപ്പുറം ജില്ലാ കളക്ടർ കെ ഗോപാലകൃഷ്ണനാണ് കാരണം കാണിക്കൽ നോട്ടീസ് നൽകിയത്. രോഗിക്ക് ചികിത്സ നിഷേധിക്കാൻ പാടില്ലായിരുന്നുവെന്ന് മാത്രമല്ല, കൂടുതൽ സൗകര്യങ്ങളുളള മറ്റു ആശുപത്രികളിലേക്ക് റഫർ ചെയ്യുകയാണെങ്കിൽ പാലിക്കേണ്ട സർക്കാർ നിർദേശങ്ങളും നടപടിക്രമങ്ങളും പാലിച്ചിട്ടില്ലെന്നും വിലയിരുത്തിയാണ് നോട്ടീസ് നൽകിയിരിക്കുന്നത്.

മഞ്ചേരി മെഡിക്കൽ കോളെജിൽ ചികിത്സ നിഷേധിച്ചതിനെ തുടർന്ന് ഗർഭിണിയായ യുവതി സ്വകാര്യ ആശുപത്രികളിൽ ചികിത്സ തേടി പോകേണ്ടി വരികയും കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രസവത്തെത്തുടർന്ന് ഇരട്ടകുട്ടികൾ മരണപ്പെടുകയും ചെയ്തിരുന്നു. ഈ സംഭവത്തിൽ മഞ്ചേരി മെഡിക്കൽ കോളേജ് അധികൃതരുടെ ഭാഗത്ത് നിന്നും ഗുരുതരമായ കൃത്യവിലോപം ഉണ്ടായതായും കണക്കാക്കുന്നുണ്ട്.

ചികിത്സ നിഷേധിച്ച സംഭവം ജില്ലയിലെ ആരോഗ്യ സംവിധാനങ്ങളെക്കുറിച്ച് പൊതുസമൂഹത്തിൽ അവമതിപ്പുളവാക്കുന്നതിനും കൊറോണ പ്രവർത്തനങ്ങളിൽ ആത്മാർത്ഥമായി ഏർപ്പെട്ടിരുന്ന ആരോഗ്യപ്രവർത്തകരുടെ ആത്മവീര്യം കെടുത്തുന്നതിനും കാരണമാകുകയും ചെയ്തിട്ടുണ്ടെന്നാണ് വിലയിരുത്തൽ.