തിരുവനന്തപുരം: കുട്ടിയെ നദിയിലെറിഞ്ഞ് കൊലപ്പെടുത്തിയ കേസിൽ പരിസരവാസിയായ രാജന്റെ മൊഴി നിർണായകമായി.
ദിവസങ്ങൾ നീണ്ട ആസൂത്രണത്തിനൊടുവിലാണ് കുട്ടിയെ ഉണ്ണികൃഷ്ണൻ നദിയിലെറിഞ്ഞത്.
നദിയുടെ കരയിൽ ഉണ്ണികൃഷ്ണനെ കണ്ടെന്നും തലേദിവസം ഇയാൾ ഇവിടെ എത്തിയെന്നും രാജൻ പറഞ്ഞതോടെയാണ് പൊലീസും ഫയർഫോഴ്സും നദിയിൽ തിരച്ചിൽ നടത്തി കുട്ടിയുടെ ശരീരം കണ്ടെത്തുകയായിരുന്നു. കുട്ടിയുടെ ശരീരത്തിൽ കല്ലുകെട്ടി നദിയിൽ താഴ്ത്താനായിരുന്നു ഉണ്ണികൃഷ്ണന്റെ പദ്ധതി. രാജൻ സ്ഥലത്തെത്തിയതോടെ പദ്ധതി ഉപേക്ഷിച്ച് നദിയിലേക്കു കുട്ടിയെ വലിച്ചെറിയുകയായിരുന്നു.
കുടുംബപ്രശ്നങ്ങളാണ് കുട്ടിയുടെ പേരിടൽ ചടങ്ങു ദിവസത്തെ കൊലപാതകത്തിലേക്കു നയിച്ചത്. പൊലീസിനെ പ്രതി തെറ്റിദ്ധരിപ്പിക്കാൻ ശ്രമിച്ചെങ്കിലും അത് പാളി. രാത്രി ഏഴു മണിയോടെയാണ് കുട്ടിയെ കാണാനില്ലെന്ന പരാതി ഭാര്യ തിരുവല്ലം പൊലീസിനു നൽകുന്നത്. പൊലീസ് അന്വേഷണം ആരംഭിച്ചെങ്കിലും കുട്ടിയെക്കുറിച്ച് വിവരം ലഭിച്ചില്ല. നേരത്തെ ഉണ്ണികൃഷ്ണനെതിരെ ഗാർഹിക പീഡനത്തിനു ഭാര്യ പരാതി നൽകിയിരുന്നു. ഇയാളുടെ പെരുമാറ്റത്തിൽ സംശയം തോന്നിയ പൊലീസ് ചോദ്യം ചെയ്തു. കുട്ടിയെ ഹൈവേയിൽ ഉപേക്ഷിച്ചെന്നു പറഞ്ഞതിനെത്തുടർന്ന് തിരച്ചിൽ നടത്തിയെങ്കിലും ശ്രമം വിഫലമായി. പാലത്തിനടിയിൽ ഉപേക്ഷിച്ചെന്ന് ഉണ്ണികൃഷ്ണൻ പറഞ്ഞതനുസരിച്ച് തിരച്ചിൽ നടത്തിയെങ്കിലും കുട്ടിയെ കണ്ടെത്താനായില്ല.
ഉണ്ണികൃഷ്ണൻ നദിയുടെ തീരത്തുനിന്ന് കയറിവരുന്നതു കണ്ടതായി പരിസരവാസിയായ രാജൻ പൊലീസിനു മൊഴി നൽകിയതോടെയാണ് നദിയിൽ തിരച്ചിൽ നടത്തി കുട്ടിയുടെ ശരീരം കണ്ടെത്തിയത്. പുഞ്ചക്കരി വാർഡിലെ വള്ളത്തിൻ കടവ് ഭാഗത്താണ് കുട്ടിയെ ഉപേക്ഷിച്ചത്. ബന്ധുവീട്ടിൽ പോകാനായി ഇങ്ങിയപ്പോൾ ഒരു ബൈക്ക് നദിയുടെ തീരത്ത് നിർത്തിയിരിക്കുന്നതു കണ്ടാണ് സംശയം തോന്നിയതെന്നു രാജൻ പറഞ്ഞു.
ആളെ കാണാത്തതിനാല് ബൈക്കിനടുത്തു കാത്തുനിന്നു. പിന്നീട് തന്റെ വണ്ടിയുടെ ഹോൺ അടിച്ചപ്പോൾ ഉണ്ണികൃഷ്ണൻ നദീതീരത്തുനിന്നു മുകളിലേക്കു കയറിവന്നു. എന്താണ് ഇവിടെ എന്നു ചോദിച്ചപ്പോൾ മാലിന്യം കളയാൻ വന്നതാണെന്നും കാൽതെറ്റി നദിയിലേക്കുപോയതാണെന്നുമായിരുന്നു മറുപടി.
ഉണ്ണികൃഷ്ണന്റെ കയ്യിൽ തുണികളുണ്ടായിരുന്നു. അതിനുശേഷം ബൈക്കിൽ ഉണ്ണികൃഷ്ണൻ സ്ഥലത്തുനിന്നു മടങ്ങി. വണ്ടി നമ്പർ രാജൻ ശ്രദ്ധിച്ചിരുന്നു. ഇന്നലെ രാത്രിയാണ് പൊലീസ് സ്ഥലത്തെത്തി ഇങ്ങനെ ഒരു സംഭവം നടന്നതായി പ്രദേശവാസികളോട് പറയുന്നത്. ആരെങ്കിലും ബൈക്കിൽ വന്ന ആളെ കണ്ടോയെന്നും പൊലീസ് ചോദിച്ചു. രാജൻ പൊലീസിനു സ്ഥലം കാട്ടികൊടുത്തു.
നദിയിലേക്ക് ഇറങ്ങാൻ കഴിയാത്തതിനാൽ ഫയർഫോഴ്സിനെ വിളിച്ചു. അരമണിക്കൂർ നീണ്ട തിരച്ചിലിലാണ് കുട്ടിയുടെ ശരീരം കണ്ടെത്തിയത്. നേരത്തെ നദിയിൽ ബൈക്ക് ചവിട്ടിതാഴ്ത്തിയ സംഭവം ഉള്ളതിനാലും, ആളൊഴിഞ്ഞപ്രദേശം ആയതിനാലുമാണ് ഉണ്ണികൃഷ്ണനോട് വിവരങ്ങൾ ആരാഞ്ഞതെന്നു രാജൻ പറഞ്ഞു. ഉണ്ണികൃഷ്ണൻ ഈ സംഭവം നടക്കുന്നതിനു തലേദിവസവും നദിയുടെ തീരത്തു വന്നിരുന്നു. മാലിന്യം ഇടാൻ വന്നു എന്നു പറഞ്ഞതിനാൽ രാജനു സംശയം തോന്നിയില്ല. കുട്ടിയെ കെട്ടിതാഴ്ത്താൻ കയറുമായാണ് വന്നതെന്നും രാജൻ പറഞ്ഞു.