പുകപരിശോധന സര്‍ട്ടിഫിക്കറ്റ് അടുത്തമാസം മുതല്‍ മോട്ടോര്‍വാഹനവകുപ്പ് നല്‍കും

കൊച്ചി: പുകപരിശോധനാ സര്‍ട്ടിഫിക്കറ്റ് അടുത്തമാസംമുതല്‍ മോട്ടോര്‍വാഹനവകുപ്പ് നല്‍കും. പുകപരിശോധനയുമായി ബന്ധപ്പെട്ട തര്‍ക്കങ്ങള്‍ തുടരുന്നതിനാലാണ് നടപടി. പുകപരിശോധന നിലവില്‍ നടക്കുന്നതു പോലെ പരിശോധനകേന്ദ്രങ്ങളില്‍ തുടരുകയും ബാക്കി നടപടികള്‍ ഓണ്‍ലൈനില്‍ പൂര്‍ത്തിയാക്കി മോട്ടോര്‍വാഹനവകുപ്പ് സര്‍ട്ടിഫിക്കറ്റ് നല്‍കുന്ന രീതിയാണ് ഇനി. ബിഎസ് ഫോര്‍ വാഹനങ്ങള്‍ക്ക് ഒരുവര്‍ഷം കാലാവധിയുള്ള സര്‍ട്ടിഫിക്കറ്റ് നല്‍കേണ്ടതാണെങ്കിലും ഇപ്പോഴും ആറുമാസത്തെ സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കുന്നതാണ് തര്‍ക്കത്തിനുകാരണം.

ആറ് മാസത്തിന് ഇടയില്‍ നല്‍കിയ സര്‍ട്ടിഫിക്കറ്റുകളുടെ കാലാവധി ഒരു വര്‍ഷമാക്കി പുതുക്കി നല്‍കാന്‍ ഗതാഗത കമ്മിഷണര്‍ നിര്‍ദേശം നല്‍കിയിരുന്നു.ബിഎസ് ഫോര്‍ വിഭാഗത്തിലെ ഇരുചക്ര, മുച്ചക്ര വാഹനങ്ങള്‍ക്ക് ഒരു വര്‍ഷത്തെ സര്‍ട്ടിഫിക്കറ്റാണോ നല്‍കേണ്ടത് എന്നതില്‍ വ്യക്തത ഇല്ലെന്നാണ് പരിശോധനാ കേന്ദ്രങ്ങള്‍ പറയുന്നത്. ഇത്തരം പ്രശ്നങ്ങള്‍ മോട്ടോര്‍വാഹനവകുപ്പ് നേരിട്ടിടപെടുമ്പോൾ പരിഹരിക്കാനാകുമെന്ന് അധിക‌‍‌ൃതര്‍ അറിയിച്ചു.