പോപ്പുലര്‍ ഫിനാന്‍സ് നിക്ഷേപ തട്ടിപ്പ് കേസ് ; അറസ്റ്റിലായ റിയ തോമസിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും

പത്തനംതിട്ട: പോപ്പുലര്‍ ഫിനാന്‍സ് നിക്ഷേപ തട്ടിപ്പ് കേസില്‍ അറസ്റ്റിലായ ഡോ.റിയ തോമസിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും. തെളിവെടുപ്പിന്റെ ഭാഗമായി റിയയെ കസ്റ്റഡിയില്‍ വാങ്ങാനാണ് പൊലീസിന്റെ തീരുമാനം. റിയയില്‍ നിന്ന് സാമ്പത്തിക തിരിമറി സംബന്ധിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാകുമെന്നാണ് അന്വേഷണ സംഘത്തിന്റെ പ്രതീക്ഷ.

കേസില്‍ അഞ്ചാം പ്രതിയാണ് റിയ. പോപ്പുലറിന് കീഴിയെ 4 കമ്ബനികളുടെ ഡയറക്ടറായ റിയയെ മലപ്പുറത്ത് നിന്നാണ് പൊലീസ് അറസ്റ്റ് ചെയ്തത്.പോപ്പുലര്‍ ഫിനാന്‍സ് തട്ടിപ്പ് കേസ് അന്വേഷണ ഉദ്യോഗസ്ഥനായ കോന്നി സിഐയുടെ നേതൃത്വത്തിലുള്ള സംഘം മലപ്പുറം ജില്ലയില്‍ നിന്നാണ് റിയയെ പിടികൂടിയത്. റിയയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തളളിയിരുന്നു. ഇതിന് പിന്നാലെയാണ് അറസ്റ്റ്.

കാഞ്ഞങ്ങാട് പ്രാഥമിക ആരോഗ്യ കേന്ദ്രത്തില്‍ മെഡിക്കല്‍ ഓഫിസറായിരുന്ന റിയ ഏറെ നാളായി അവധിയിലായിരുന്നു. പോപ്പുലര്‍ കേസില്‍ പൊലീസ് അന്വേഷണം തുടങ്ങിയതിന് പിന്നാലെ ഇവര്‍ ഒളിവില്‍ പോയി. ഇന്നലെ റിയയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി പരിഗണിച്ചിരുന്നു. ജാമ്യാപേക്ഷ തള്ളിയെങ്കിലും 3 ആഴ്ചത്തേക്ക് അറസ്റ്റ് പാടില്ലെന്ന് ഉത്തരവിട്ടിരുന്നതായി അഭിഭാഷകര്‍ അറിയിച്ചു.