യാത്രക്കാരുടെ തിരക്കേറുന്നു ; കിതപ്പു മാറി കൊച്ചി മെട്രോ വീണ്ടും കുതിപ്പിൽ

കൊച്ചി: കൊച്ചി മെട്രോയിൽ തിരക്കേറുന്നു. സർവീസ് ആരംഭിച്ച ആദ്യ ദിവസങ്ങളിൽ യാത്രക്കാരുടെ എണ്ണം കുറവായിരുന്നു. എന്നാൽ ഇപ്പോഴതു പ്രതിദിനം ശരാശരി 8,000 എന്ന നിലയിലേക്ക് എത്തി. ലോക്ക്ഡൗണിൽ ഇളവുകൾ വന്നതോടെ ഏറെ നാളുകൾക്ക് ശേഷം ഓടി തുടങ്ങിയ മെട്രോയ്ക്ക് ഇനി നേട്ടത്തിൻ്റെ ദിനങ്ങളെന്ന് സൂചന.

കൊറോണയെ തുടർന്ന് ലോക്ക്ഡൗൺ പ്രഖ്യാപിച്ച മാർച്ചിൽ സർവീസ് നിർത്തും മുൻപ് പ്രതിദിനം ശരാശരി 65,000 യാത്രക്കാരാണ് ഉണ്ടായിരുന്നത്. ഇടവേളക്ക് ശേഷം സർവീസ് പുനരാരംഭിച്ച ആദ്യ ദിവസം 4200 യാത്രക്കാരാണ് മെട്രോയിൽ സഞ്ചരിച്ചത്. രണ്ടാം ദിവസം അത് 5200 ലേക്ക് എത്തി.

ആദ്യ ദിവസങ്ങളിൽ ശരാശരി യാത്രക്കാർ 5000 ആയിരുന്നതാണ് ഇപ്പോൾ 8000 ആയി ഉയർന്നു. രാവിലെ 8.30 മുതൽ 11 വരെയും വൈകിട്ട് 4.30 മുതൽ 7 വരെയുമാണു യാത്രക്കാർ കൂടുതലുള്ളത്. ഇപ്പോൾ സ്ത്രീകൾ കൂടുതലായി മെട്രോയെ യാത്രയ്ക്ക് ആശ്രയിക്കുന്നു എന്ന പ്രത്യേകതയും ഉണ്ട്. തിരക്കുള്ള സമയത്തു മെട്രോ പതിവു സമയക്രമത്തിലാണ് ഓടുന്നത്. 7 മിനിറ്റ് ഇടവേളയിലാണ് സർവീസ്.

രാജ്യത്തെ മറ്റു മെട്രോകളിലും സമാനമാണ് സാഹചര്യം. പ്രതിദിനം 4.5 ലക്ഷം യാത്രക്കാരാണ് ലോക്ക്ഡൗൺ പ്രഖ്യാപിക്കുന്നതിന് മുൻപ് ബെംഗളൂരു മെട്രോയിൽ ഉണ്ടായിരുന്നത്. ഇപ്പോഴത് ശരാശരി 18,000 യാത്രക്കാരാണ്. ചെന്നൈയിൽ കൊച്ചിയേക്കാൾ അൽപം മാത്രം കൂടുതൽ.