ബെംഗളൂരു: ആംബുലൻസ് മറയാക്കി കേരളത്തിലേക്ക് കഞ്ചാവു കടത്തിയ കേസിൽ ആംബുലൻസ് ഡ്രൈവറായ സിപിഎം ബ്രാഞ്ച് സെക്രട്ടറിയെയും സഹോദരനെയും കസ്റ്റഡിയിലെടുത്ത് കർണാടക പൊലീസ്. കണ്ണൂർ ഇരിട്ടി ചീങ്ങാകുണ്ടം ബ്രാഞ്ച് സെക്രട്ടറിയും സിഐടിയു ആംബുലൻസ് ഡ്രൈവേഴ്സ് യൂണിയൻ സംസ്ഥാന ട്രഷററുമായ സുബിലാഷിനേയും സഹോദരൻ സുബിത്തിനേയുമാണ് മൈസൂരു സെൻട്രൽ ക്രൈം ബ്രാഞ്ച് (സിസിബി) പൊലീസ് കസ്റ്റഡിയിലെടുത്തത്. കൂടിയാണ്.
കണ്ണൂർ, തൃശൂർ എന്നിവിടങ്ങളിൽ നിന്നുള്ള യുവാക്കൾ ഉൾപ്പെട്ട മൈസൂരുവിലെ ലഹരികടത്തു സംഘമാണ് കേരളത്തിലേക്കുള്ള കഞ്ചാവു കടത്തിനു പിന്നിലെന്നാണ് പൊലീസ് നിഗമനം. ആറ്റിങ്ങലിൽ കണ്ടെയ്നർ ലോറിയിൽ നിന്ന് 500 കിലോഗ്രാം കഞ്ചാവ് പിടികൂടിയ കേസുമായി ബന്ധപ്പെട്ട് മൈസൂരു പൊലീസ് അന്വേഷണം വിപുലമാക്കിയതോടെയാണ് കൂടുതൽ പേർ വലയിലായത്.
സുബിലാഷ് 108 ആംബുലൻസ് ഡ്രൈവറാണ് . ഇരിട്ടി പൊലീസിൽ ഇയാൾക്കെതിരെ മൂന്നു കേസുകൾ നിലവിലുണ്ട്. 108 ആംബുലൻസ് ഡ്രൈവർമാർക്ക് പോലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കിയിരിക്കെ സിഐടിയു നേതാവ് കൂടിയായ സുബിലാഷിൻ്റെ കാര്യത്തിൽ ഇത് എന്തുകൊണ്ട് നടപ്പായില്ലെന്ന ആക്ഷേപം ഉയർന്നിട്ടുണ്ട്.