മന്ത്രി ജയരാജന്‍റെ ഭാര്യയുടെ ബാങ്ക് ലോക്കറിന്‍റെ വിശദാംശങ്ങൾ എൻഫോഴ്സ്മെൻറ് തേടി; മന്ത്രി വസതിയിലേക്ക് മാർച്ച്

തിരുവനന്തപുരം: ലൈഫ് മിഷൻ വിവാദത്തിൽ വ്യവസായ മന്ത്രി ഇപി ജയരാജന്‍റെ ഭാര്യയുടെ ബാങ്ക് ലോക്കറിന്‍റെ വിശദാംശങ്ങൾ എൻഫോഴ്സ്മെൻറ് ആവശ്യപ്പെട്ടു. ജയരാജന്റെ ഭാര്യ പികെ ഇന്ദിര കൊറോണ ചട്ടം ലംഘിച്ച്‌ കേരള ബാങ്ക് കണ്ണൂര്‍ ശാഖയിലെത്തി ലോക്കര്‍ തുറന്ന സംഭവം പുറത്ത് വന്നതിന് പിന്നാലെയാണ് എൻഫോഴ്സ്മെൻ്റ് വിശദീകരണം ആവശ്യപ്പെട്ടത്. കൊറോണ നിരീക്ഷണത്തിൽ കഴിയുമ്പോൾ പരിശോധനയ്ക്ക് സാമ്പിൾ നല്‍കിയ ശേഷമാണ് മന്ത്രിയുടെ ഭാര്യ ബാങ്കിലെത്തിയത്.

ഇവര്‍ക്ക് പിന്നീട് കൊറോണ സ്ഥിരീകരിച്ചതിനാല്‍ ബാങ്കിലെ മൂന്നു ജീവനക്കാര്‍ ക്വാറന്റീനില്‍ പോയിരുന്നു. ജയരാജൻ്റെ മട്ടന്നൂരിലെ വീട്ടിലേക്ക് രാവിലെ മുതൽ പ്രതിപക്ഷ സംഘടനകൾ പ്രതിഷേധ പരിപാടികൾ നടത്തുകയാണ്. ലോക്കർ തുറന്ന സംഭവത്തില്‍ അന്വേഷണം വേണമെന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ഷാഫി പറമ്പിൽ എംഎല്‍എ ആവശ്യപ്പെട്ടു.

ഇതിനിടെ ലൈഫ് മിഷനുമായി ബന്ധപ്പെട്ട കമ്മീഷൻ ആരോപണത്തിൽ സിഇഒ യുവി ജോസിനെ ഇന്ന് എൻഫോഴ്സ്മെന്‍റ് ചോദ്യം ചെയ്തേക്കുമെന്നും സൂചനയുണ്ട്. റെഡ് ക്രസന്‍റ് കേരളത്തിലേക്ക് സാമ്പത്തിക സഹായം നൽകാൻ ഇടയായ സാഹചര്യം, നിർമ്മാണത്തിനായി യൂണിടെകിനെ തെരഞ്ഞെടുത്ത സാഹചര്യം, ഇതിന്‍റെ പേരിലുള്ള കൈക്കൂലി ഇടപാട എന്നിവയിലാണ് ചോദ്യം ചെയ്യൽ.