കൊച്ചി: വിവാദങ്ങൾ കത്തിക്കാളുന്നതിനിടെ സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് കസ്റ്റംസും മന്ത്രി കെ ടി ജലീലിനെ ചോദ്യംചെയ്യും. നേരത്തെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ ഡി) ജലീലിനെ ചോദ്യം ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് കൊച്ചി കസ്റ്റംസ് പ്രിവന്റീവ് വിഭാഗവും ചോദ്യം ചെയ്യലിനൊരുങ്ങുന്നത്. ഇതിനായി ജലീലിന് ഉടന്‍ നോട്ടീസ് നല്‍കും.
നയതന്ത്ര ബാഗേജുമായി ബന്ധപ്പെട്ടാണ് കസ്റ്റംസ് ആക്‌ട് പ്രകാരം മൊഴിയെടുക്കുക. ജലീലിന്റെ വിശദീകരണം കസ്റ്റംസ് ആക്‌ട് 108 പ്രകാരമായിരിക്കും രേഖപ്പെടുത്തുക.
അതേസമയം സ്വർണക്കളളക്കടത്തുകേസിൽ കെടി ജലീലിന്‍റെ മൊഴി എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് വിശദമായി പരിശോധിക്കുകയാണ്. ഇതിനായി പ്രത്യേക ഉദ്യോഗസ്ഥ സംഘത്തെയും ചുമതലപ്പെടുത്തിയിട്ടുണ്ട്. കളളക്കടത്ത് കേസ് പ്രതികളായ സ്വപ്ന സുരേഷ്, സരിത് തുടങ്ങിയവർ നൽകിയ മൊഴിയും ജലീലിന്‍റെ മൊഴിയും ഒത്തുനോക്കിയാണ് പരിശോധന.
നയതന്ത്ര പാഴ്സലിലൂടെ കൊണ്ടുവന്ന മതഗ്രന്ഥങ്ങളുടെ മറവിൽ പ്രതികൾ കളളക്കടത്ത് അടക്കമുളള നിയമവിരുദ്ധ പ്രവർത്തനങ്ങൾ നടത്തിയെന്നാണ് എൻഫോഴ്സ്മെന്‍റ് കരുതുന്നത്. ഇക്കാര്യത്തിൽ ജലീലിന് കൂടുതൽ അറിവുണ്ടായിരുന്നോയെന്നാണ് അന്വേഷണം. സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍റെ മകൻ ബിനീഷ് കോടിയേരിയേയും രണ്ടാംഘട്ട ചോദ്യം ചെയ്യലിനായി ഈയാഴ്ച വിളിച്ചുവരുത്താനാണ് ആലോചന.