കെഎസ്ആർടിസി ബസ് ഏതു വഴി എപ്പോൾ എത്തും; 5500 ബസുകളിൽ ആപ്പ് വഴി അറിയാം

തിരുവനന്തപുരം: കെഎസ്ആർടിസി ബസ് ഏതു വഴി എപ്പോൾ എത്തുമെന്നും നിലവിൽ എവിടെയെത്തിയെന്നും അറിയാൻ ആപ്. ഡിപ്പോയിൽ കാത്തിരിക്കുമ്പോൾ ഏതൊക്കെ ബസ് ഏതു റൂട്ടിലൂടെ ഡിപ്പോയിലെത്തി, എങ്ങോട്ടു പോകുന്നു എന്നീ വിവരങ്ങളും അറിയാം.

5500 ബസുകളിൽ ഇതിനായി ജിപിഎസ് സ്ഥാപിക്കും. 10 ബസുകളിൽ ആദ്യഘട്ട പരീക്ഷണം നടക്കുകയാണ്. പദ്ധതിക്കു 17 കോടി രൂപ അനുവദിച്ചു. ബസിൽ യാത്ര ചെയ്യുന്നവർക്ക് ആപ് പ്രയോജനപ്പെടും. അടുത്ത സ്റ്റോപ്പ് ഏതാണെന്ന് എഴുതിക്കാണിക്കും. ഒപ്പം വാർത്തയും പാട്ടും കേൾക്കാം. യാത്രക്കാരുടെ സൗകര്യത്തിനൊപ്പം പരസ്യ വരുമാനമാണു കെഎസ്ആർടിസി ഈ പദ്ധതിയിലൂടെ പ്രതീക്ഷിക്കുന്നത്.

ബസുകളിൽ ജിപിഎസ് ഏകോപിപ്പിക്കുന്നതിനായി പ്രധാന കൺട്രോൾ റൂം ഉണ്ടാകും. ബസുകൾ സമയവും അകലവും പാലിച്ച് സർവീസ് നടത്തുന്നതിനു കൺട്രോൾ റൂമിൽ നിന്ന് നിർദേശം നൽകാനുമാകും. 5500 ബസുകളിലേക്കായി 7500 രൂപ വീതം വില വരുന്ന ഇലക്ട്രോണിക് ടിക്കറ്റ് മെഷീൻ വാങ്ങും. 10 മുതൽ 1000 രൂപ വരെ പ്രീപെയ്ഡ് കാർഡ് യാത്രക്കാർക്ക് ലഭ്യമാക്കും. പണം നൽകാതെ ഈ കാർഡ് ഉപയോഗിച്ച് യാത്ര ചെയ്യാം.