ആംബുലൻസിൽ കൊറോണ രോഗിയെ പീഡിപ്പിച്ച പ്രതി ഡ്രൈവറുടെ പരിശോധനാ ഫലം നെഗറ്റീവ്

പത്തനംതിട്ട: ആറന്മുളയിൽ ആംബുലൻസിൽ കൊറോണ രോഗിയെ പീഡിപ്പിച്ച പ്രതി ഡ്രൈവർ നൗഫലിൻ്റെ പരിശോധനാ ഫലം നെഗറ്റീവ്. കഴിഞ്ഞ ദിവസം നടത്തിയ ആൻറിജൻ ടെസ്റ്റും നെഗറ്റീവ് ആയിരുന്നു. ശനിയാഴ്‍ച്ചയാണ് ആറന്മുളയിൽ കൊറോണ രോഗിയായ പെൺകുട്ടിയെ ചികിത്സ കേന്ദ്രത്തിലേക്ക് കൊണ്ടും പോകും വഴി വാഹനം നിർത്തിയിട്ട് ഡ്രൈവർ പീഡിപ്പിച്ചത്.

അടൂർ വടക്കേടത്ത്കാവിൽ നിന്ന് രണ്ട് രോഗികളുമായി പ്രഥമിക ചികിത്സ കേന്ദ്രത്തിലേക്ക് പോകുകയായിരുന്നു നൗഫലിൻ്റെ ആംബുലൻസ്. പീഡനത്തിനരയായ പെൺകുട്ടിയെ പന്തളത്തെ ചികിത്സ കേന്ദ്രത്തിലും ഒപ്പമുണ്ടിയിരുന്ന 42 കാരിയെ കോഴഞ്ചേരി ജനറൽ ആശുപത്രിയിലേക്കും എത്തിക്കാനായിരുന്നു ആരോഗ്യ വകുപ്പിൻ്റെ നിർദേശം.

അടൂരിന് തൊട്ടടുത്തുള്ള പന്തളത്ത് പെൺകുട്ടിയെ ഇറക്കാതെ 18 കിലോമീറ്റർ അകലെയുള്ള കോഴഞ്ചേരി ആശുപത്രിയിൽ 42 കാരിയായ സ്ത്രീയെ ഇറക്കിയ ശേഷം തിരിച്ചുവന്നാണ് പെൺകുട്ടിയെ പന്തളത്ത് എത്തിച്ചത്. ഇതിനിടയിൽ ആറന്മുള വിമാനത്താവളത്തിനായി ഏറ്റെടുത്ത വിജനമായ സ്ഥലത്ത് ആംബുലൻസ് നിർത്തിയിട്ടായിരുന്നു ആക്രമണം.