പത്തനംതിട്ട: ആംബുലന്‍സില്‍ പീഡനത്തിനിരയായ കൊറോണ രോഗിയായ പെണ്‍കുട്ടിയില്‍ നിന്ന് അന്വേഷണ സംഘത്തിന് മൊഴിയെടുക്കാനായില്ല. പെണ്‍കുട്ടി മാനസികമായി തകര്‍ന്ന നിലയിലാണെന്ന് പൊലീസ് പറഞ്ഞു. കൗണ്‍സലിംഗിന് സൈക്യാട്രിക് ഡോക്ടറെ നിയോഗിച്ചു.
പെണ്‍കുട്ടി സാധാരണ നിലയിലേക്ക് എത്താന്‍ നാല് ദിവസമെങ്കിലും വേണ്ടിവരുമെന്നാണ് ഡോക്ടര്‍മാര്‍ അറിയിച്ചിട്ടുള്ളത്. ശാരീരിക നില തൃപ്തികരമാണ്. പ്രതി കായംകുളം കീരിക്കാട് സ്വദേശി നൗഫല്‍ പെണ്‍കുട്ടിയുമായി ലൈംഗിക ബന്ധത്തിലേര്‍പ്പെട്ടതായി വൈദ്യ പരിശോധന റിപ്പോര്‍ട്ടില്‍ സ്ഥിരീകരിച്ചിട്ടുണ്ട്.
അടൂര്‍ ഡിവൈ.എസ്.പി ആര്‍.ബിനു, പന്തളം സി.ഐ. എസ്.ശ്രീകുമാര്‍ എന്നിവരടങ്ങുന്ന പത്തംഗ സംഘമാണ് കേസ് അന്വേഷിക്കുന്നത്. കൊറോണ രോഗികളും നിരീക്ഷണത്തില്‍ കഴിയുന്നവരുമായ സ്ത്രീകളെ ഇതിനുമുന്‍പ് പ്രതി ഉപദ്രവിച്ചിട്ടുണ്ടോയെന്നും അന്വേഷിക്കുന്നുണ്ട്. പ്രതിയെ കസ്റ്റഡിയില്‍ കിട്ടാന്‍ അടൂര്‍ മജിസ്ട്രേട്ട് കോടതിയില്‍ പൊലീസ് ഇന്നലെ അപേക്ഷ നല്‍കി.
പീഡനത്തിനിരയായ പെണ്‍കുട്ടിയുടെ മാതാവ്, രണ്ട് സഹോദരിമാര്‍, അപ്പൂപ്പന്‍ എന്നിവര്‍ നേരത്തെ കൊറോണ ചികിത്സയിലാണ്. ഇവരെയെല്ലാം ആശുപത്രിയിലെത്തിച്ചത് പ്രതി നൗഫലാണ്. ഇയാളെ അങ്ങനെ പരിചയമുണ്ടായിരുന്നതായി പെണ്‍കുട്ടി തെളിവെടുപ്പിനിടെ പൊലീസിനോട് പറഞ്ഞു.
കൊട്ടാരക്കര സബ് ജയിലിന്റെ കൊറോണ കെയര്‍ സെന്ററായ കൊല്ലം നായേഴ്സ് ആശുപത്രിയില്‍ നിരീക്ഷണത്തിലാണ് പ്രതി നൗഫല്‍. പത്തനംതിട്ടയില്‍ നടത്തിയ ഇയാളുടെ ആന്റിജന്‍ ടെസ്റ്റില്‍ കൊറോണ നെഗറ്റീവാണ്. സ്രവ സാമ്ബിളുകളുടെ പരിശോധന ഇന്ന് ലഭിച്ചേക്കും.
പീഡന സംഭവത്തില്‍ പ്രതിഷേധിച്ച് പ്രതിപക്ഷ സംഘടനകള്‍ ഇന്നലെയും ജില്ലയില്‍ പ്രതിഷേധ പ്രകടനങ്ങളും ധര്‍ണകളും നടത്തി.