വായിൽ തുണി തിരുകി കെട്ടിയിട്ട് പീഡിപ്പിച്ചു; തിരുവനന്തപുരത്ത് കൊറോണ നെഗറ്റീവ് സർട്ടിഫിക്കറ്റ് വാങ്ങാനെത്തിയ യുവതി നേരിട്ടത് ക്രൂരപീഡനം

തിരുവനന്തപുരം: തിരുവനന്തപുരത്ത് കൊറോണ നെഗറ്റീവ് സർട്ടിഫിക്കറ്റ് വാങ്ങാനെത്തിയ യുവതിയെ ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ പീഡിപ്പിച്ച കേസിൽ എഫ്ഐആറിലെ വിശദാംശങ്ങൾ പുറത്ത്. പ്രതി യുവതിയെ കെട്ടിയിട്ട് പീഡിപ്പിച്ചെന്നാണ് എഫ്ഐആറിലുള്ളത്. കാലുകൾ കട്ടിലിൻ്റെ കാലിൽ കെട്ടിയിട്ട് ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു. ഇരുകൈകളും പിറകിൽ കെട്ടിയിട്ട് വായിൽ തോർത്ത് തിരുകിക്കയറ്റിയായിരുന്നു ആക്രമണം നടത്തിയത്. പല തവണ ലൈംഗികമായി പീഡിപ്പിച്ചെന്നും ക്വാറൻറീൻ ലംഘിച്ചതിന് പൊലീസിനെ വിളിക്കുമെന്ന് പ്രതി ഭീഷണിപ്പെടുത്തിയതായും യുവതി മൊഴി നൽകിയിട്ടുണ്ട്.

കുളത്തൂപ്പുഴ സ്വദേശിനിയുടെ പരാതിയിൽ പറയുന്നത് ഇങ്ങനെയാണ് – “മലപ്പുറത്ത് വീട്ടുജോലിയിലായിരുന്നു. തിരിച്ചെത്തി ക്വാറൻറൈനിൽ കഴിഞ്ഞു. കുളത്തൂപ്പുഴ സാമൂഹ്യ ആരോഗ്യ കേന്ദ്രത്തിലെ പരിശോധനയിൽ കൊറോണയില്ലെന്ന് സ്ഥിരീകരിച്ചു. കൊറോണ നെഗറ്റീവ് സർട്ടിഫിക്കറ്റിനായി ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ പ്രദീപിനെ വിളിച്ചപ്പോൾ വീട്ടിലേക്ക് വരാൻ ആവശ്യപ്പെട്ടു. ഈ മാസം മൂന്നാം തിയ്യതി ഭരതന്നൂരിലെ വീട്ടിലെത്തി. അന്ന് രാത്രി മുഴുവൻ കെട്ടിയിട്ട് വായിൽ തുണിതിരുകി ലൈംഗികമായി പീഡിപ്പിച്ചു”വെന്നാണ് പരാതി. സംഭവത്തിൽ കുളത്തൂപ്പുഴ പ്രാഥമിക ആരോഗ്യകേന്ദ്രത്തിലെ ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ പ്രദീപിനെ പാങ്ങോട് പൊലീസ് അറസ്റ്റ് ചെയ്‍തു.

ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർ പ്രദീപിനെ സസ്‌പെൻഡ് ചെയ്യാൻ മന്ത്രി കെ കെ ശൈലജ ആരോഗ്യ വകുപ്പ് ഡയറക്ടർക്ക് നിർദേശം നൽകി. പ്രദീപിനെതിരെ വനിതാ കമ്മീഷൻ സ്വമേധയാ കേസെടുത്തു. അടിയന്തരമായി റിപ്പോർട്ട് സമർപ്പിക്കാൻ തിരുവനന്തപുരം റൂറൽ എസ്പിയോട് നിർദേശിച്ചിട്ടുണ്ട്.