ന്യൂഡെല്‍ഹി: ബോളിവുഡ് നടി കങ്കണ റണാവത്തിന് കേന്ദ്രസര്‍ക്കാര്‍ വൈ കാറ്റഗറി സുരക്ഷ ഏര്‍പ്പെടുത്തി. ഹിമാചല്‍ പ്രദേശ് സര്‍ക്കാരിന്റെ ആവശ്യപ്രകാരമാണ് കേന്ദ്രത്തിന്റെ നടപടി.
ശിവസേന നേതാക്കളും കങ്കണ റണാവത്തും തമ്മില്‍ വാക്‌പ്പോര് നടക്കുന്നതിന്റെ പശ്ചാത്തലത്തിലാണ് നടിയ്ക്ക് സുരക്ഷയൊരുക്കണം എന്ന് ഹിമാചല്‍ പ്രദേശ് സര്‍ക്കാര്‍ ആവശ്യപ്പെട്ടത്.
സംസ്ഥാനം വിട്ട് പുറത്തേക്ക് യാത്ര ചെയ്യാനുള്ളതിനാല്‍, സുരക്ഷയൊരുക്കണമെന്ന് കങ്കണയുടെ പിതാവും സഹോദരിയും ഹിമാചല്‍ പ്രദേശ് സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു.
ഒന്‍പതാം തീയതി കങ്കണയ്ക്ക് മുംബൈയിലേക്ക് പോകേണ്ടതിന്റെ ആവശ്യമുള്ളതിനാലാണ് സുരക്ഷയൊരുക്കുന്നതെന്ന് ഹിമാചല്‍ മുഖ്യമന്ത്രി ജയ്‌റാം താക്കൂര്‍ പറഞ്ഞു.
മുബൈയെ പാക് അധിനിവേശ കാശ്മീരിനോട് ഉപമിച്ചുകൊണ്ടുള്ള കങ്കണയുടെ ട്വീറ്റ് വിവാദമായിരുന്നു. ഇതേടെ ശിവസേന കങ്കണയ്ക്ക് എതിരെ രംഗത്തുവന്നു. മുംബൈയില്‍ പ്രവേശിച്ചാല്‍ കാലു തല്ലിയൊടിക്കുമെന്ന് ശിവസേന എംഎല്‍എ പ്രതാപ് സര്‍നായിക് ഭീഷണിപ്പെടുത്തിയിരുന്നു.
കങ്കണ പാക് അധീന കശ്മീരിലേക്ക് പോവുന്നതാണ് നല്ലതെന്ന് ശിവസേനാ നേതാവ് സഞ്ജയ് റാവത്തും പറഞ്ഞു. സെപ്റ്റംബര്‍ 9ന് മുംബൈയില്‍ എത്തുമെന്നും ധൈര്യമുള്ളവര്‍ തടയാന്‍ വരട്ടേയെന്നും കങ്കണ ഇതിന് മറുപടി നല്‍കിയിരുന്നു.