108 ആംബുലൻസുകളിലെ ഡ്രൈവർമാർക്ക് പൊലീസ് ക്ലിയറൻസ് നിർബന്ധമാക്കി

തിരുവനന്തപുരം: കൊറോണ രോഗിയായ യുവതിയെ ആംബുലൻസിൽ പീഡിപ്പിച്ച സംഭവത്തിൽ കർശന നടപടി സ്വീകരിക്കുമെന്ന് ആരോഗ്യ മന്ത്രി കെ കെ ശൈലജ. കനിവ് 108 ആംബുലൻസുകളിൽ ജോലി ചെയ്യുന്നവരിൽ പൊലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് ഹാജരാക്കാത്തവരോട് ഉടൻ ഹാജരാക്കാൻ ആംബുലൻസിന്റെ നടത്തിപ്പുകാർക്ക് നിർദേശം നൽകിയതായി മന്ത്രി അറിയിച്ചു.

ആംബുലൻസ് ഡ്രൈവറെ പിരിച്ചുവിട്ടതായി 108 ആംബുലൻസ് നടത്തിപ്പുകാർ അറിയിച്ചിട്ടുണ്ട്. നല്ല പ്രവർത്തന പരിചയമുള്ള ആളുകളെയാണ് ആംബുലൻസിൽ നിയോഗിക്കുന്നതെന്നാണ് കമ്പനി അറിയിച്ചിട്ടുള്ളത്.

2014-2015ൽ ആലപ്പുഴ ജില്ലയിൽ 108 ആംബുലൻസിൽ ജോലി ചെയ്ത മുൻപരിചയത്തിന്റെ അടിസ്ഥാനത്തിലാണ് ഇദ്ദേഹത്തെ ജോലിയിൽ പ്രവേശിപ്പിച്ചതെന്നാണ് ജിവികെ അറിയിച്ചിട്ടുള്ളതെന്നും മന്ത്രി വ്യക്തമാക്കി.

ആരോഗ്യ വകുപ്പും ഇതേപ്പറ്റി അന്വേഷണം നടത്തും. യുവതിക്ക് എല്ലാവിധ ചികിത്സയും സംരക്ഷണവും ഉറപ്പ് വരുത്തുന്നതാണെന്നും മന്ത്രി അറിയിച്ചു.