ആറന്മുളയിൽ ആംബുലൻസ് ഡ്രൈവർ കൊറോണ രോഗിയായ യുവതിയെ പീഡിപ്പിച്ചു

പത്തനംതിട്ട: ആംബുലൻസ് ഡ്രൈവർ ആറന്മുളയിൽ കൊറോണ രോഗിയായ ഇരുപതുകാരിയെ പീഡിപ്പിച്ചു. 108 ആംബുലൻസ് ഡ്രൈവറാണ് പീഡിപ്പിച്ചത്. കായംകുളം കീരിക്കാട് സ്വദേശി നൗഫലിനെ പൊലീസ് അറസ്റ്റ് ചെയ്തു. നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണ് നൗഫലെന്ന് പൊലീസ് പറയുന്നു.

ഇന്ന് പുലർച്ചെയായിരുന്നു സംഭവം നടന്നത്. ചികിത്സ കേന്ദ്രത്തിലേക്ക് കൊണ്ട് പോകും വഴിയാണ് ആക്രമണം ഉണ്ടായത്. അടൂരിൽ നിന്ന് കോഴഞ്ചേരിയിലെ കൊറോണ കെയർ സെന്ററിലേക്ക് പോകുന്നതിനിടയിലാണ് പീഡനം നടന്നത്. ആംബുലൻസിൽ രണ്ടു യുവതികൾ ഉണ്ടായിരുന്നു. ഒരാളെ കോഴഞ്ചേരി ജില്ലാ ആശുപത്രിയിൽ ഇറക്കാനായിരുന്നു അധികൃതർ ആംബുലൻസ് ഡ്രൈവർക്ക് നിർദേശം നൽകിയിരുന്നത്.

പീഡനത്തിനിരയായ 20 കാരിയുമായി ഇയാൾ കൊറോണ ചികിത്സാ കേന്ദ്രത്തിലേക്ക് പോകുന്നതിനിടെ ആറന്മുള വിമാനത്താവള പദ്ധതി പ്രദേശത്തെ ആളൊഴിഞ്ഞ സ്ഥലത്തുവെച്ചാണ് പെൺകുട്ടിയെ പീഡിപ്പിച്ചത്.
ചികിത്സാ കേന്ദ്രത്തിലെത്തിയ ശേഷം പെൺകുട്ടി പോലീസിൽ വിവരമറിയിച്ചു. പോലീസ് പെൺകുട്ടിയുടെ മൊഴി രേഖപ്പെടുത്തി നൗഫലിനെ പോലീസ് അറസ്റ്റ് ചെയ്തു. പെൺകുട്ടിയെ ഞായറാഴ്ച വൈദ്യപരിശോധന്ക്ക് വിധേയയാക്കും. കൊറോണ പോസിറ്റീവായ പെൺകുട്ടിയെ ചികിത്സാകേന്ദ്രത്തിലെ പ്രത്യേക മുറിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. കൂടുതൽ നടപടികൾ ഇന്നുണ്ടാകും. പിടിയിലായ നൗഫലിനെയും ക്വാറന്റീനിൽ പ്രവേശിപ്പിച്ചു.

യുവതിയുടെ ആരോഗ്യ നിലയില്‍ ആശങ്കയില്ലെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. സംഭവത്തെ തുടര്‍ന്ന് ആംബുലൻസ്‌ പൈലറ്റ് നൗഫലിനെ ജോലിയിൽ നിന്ന് നീക്കിയെന്ന് അധികൃതര്‍ അറിയിച്ചു.

വിശദമായ അന്വേഷണത്തിന് ശേഷം തുടർ നടപടികൾ സ്വീകരിക്കുന്നതാണെന്ന് അധികൃതർ അറിയിച്ചു. ഞെട്ടിപ്പിക്കുന്ന സംഭവമാണിതെന്ന് മന്ത്രി കെ കെ ശൈലജ പ്രതികരിച്ചു. കുറ്റവാളിക്ക് കടുത്ത ശിക്ഷ ഉറപ്പ് വരുത്താനുള്ള നടപടി സ്വീകരിക്കാന്‍ പൊലീസിനോട് അവശ്യപ്പെട്ടിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.