പ്രതിപക്ഷ പ്രതിഷേധത്തിനിടെ ചോദ്യോത്തര വേള ഒഴിവാക്കുമെന്ന് വീണ്ടും കേന്ദ്ര സർക്കാർ

ന്യൂഡൽഹി : പ്രതിപക്ഷ പ്രതിഷേധത്തിനിടെ ഈമാസം 14ന് തുടങ്ങുന്ന പാര്‍ലമെന്റിന്റെ മണ്‍സൂണ്‍ സമ്മേളനത്തില്‍ ചോദ്യോത്തര വേള ഒഴിവാക്കുമെന്ന് ആവര്‍ത്തിച്ച്‌ വ്യക്തമാക്കി കേന്ദ്രസര്‍ക്കാര്‍. തീരുമാനം പുന:പരിശോധിക്കണമെന്ന പ്രതിപക്ഷ ആവശ്യം അംഗീകരിക്കാനാകില്ലെന്നും സമ്മേളനവുമായി സഹകരിക്കണമെന്നും സര്‍ക്കാര്‍ പറഞ്ഞു.

കൊറോണ പ്രോട്ടോക്കോളിന്റെ ഭാഗമായി താത്‌ക്കാലികമായി ഒഴിവാക്കുന്ന ചോദ്യോത്തര വേളയ്ക്ക് പകരം ചോദ്യങ്ങള്‍ക്ക് രേഖാമൂലം മറുപടി നല്‍കാനാണ് ലോക്‌സഭാ സെക്രട്ടേറിയറ്റിന്റെ തീരുമാനം. ദിവസം 160 എന്ന തോതില്‍ ആഴ്ചയില്‍ 1,120 ചോദ്യങ്ങള്‍ക്ക് മറുപടി ലഭിക്കും. ശീതകാല സമ്മേളനം മുതല്‍ ചോദ്യോത്തര വേള പുനഃരാരംഭിക്കുമെന്നും ലോക്‌സഭാ സെക്രട്ടേറിയറ്റ് അറിയിച്ചു

രാജ്യസഭ രാവിലെ 9 മുതല്‍ ഉച്ചയ്‌ക്ക് ഒരു മണിവരെയാണ്. ലോക്‌സഭ ഉച്ചയ്‌ക്ക് മൂന്നു മുതല്‍ വൈകിട്ട് ഏഴുമണിവരെയുമാണ് ചേരുന്നത്. ഒക്‌ടോബര്‍ ഒന്നുവരെ അവധി ദിനങ്ങള്‍ ഒഴിവാക്കി നടക്കുന്ന സമ്മേളനത്തില്‍ എംപിമാരുടെ സ്വകാര്യ ബില്‍ അവതരണം ഒഴിവാക്കിയതിലും സുപ്രധാന വിഷയങ്ങള്‍ അവതരിപ്പിക്കുന്ന ശൂന്യവേള അരമണിക്കൂറായി വെട്ടിക്കുറച്ചതിലും പ്രതിപക്ഷം ശക്തമായ പ്രതിഷേധം തുടരുകയാണ്.