കുട്ടനാട്, ചവറ ഉപതെരഞ്ഞെടുപ്പ്; തന്ത്രം മെനഞ്ഞ് മുന്നണികൾ; ചവറയിൽ ഷിബുബേബി ജോണും കുട്ടനാട്ടിൽ തോമസ് കെ തോമസും സ്ഥാനാർഥികൾ

തിരുവനന്തപുരം : സംസ്ഥാനത്ത് ഒഴിവുള്ള കുട്ടനാട്, ചവറ നിയമസഭ മണ്ഡലങ്ങളില്‍ ഉപതെരഞ്ഞെടുപ്പ് നടത്തുമെന്ന കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ പ്രഖ്യാപനത്തോടെ ഇരുമുന്നണികളിലും തിരക്കിട്ട കൂടിയാലോചനകൾ. ചവറയിലെ സ്ഥാനാർഥിതത്തിൻ്റെ കാര്യത്തിൽ യുഡിഎഫ് തീരുമാനത്തിലെത്തിയെങ്കിൽ കുട്ടനാട്ടിൽ ഇടതുമുന്നണി സ്ഥാനാർഥിയുടെ കാര്യത്തിലും ധാരണയായിട്ടുണ്ട്.

രണ്ടു സീറ്റുകളിലും ഇടതുമുന്നണി സ്ഥാനാർഥികളാണ് വിജയിച്ചിരുന്നത് എന്നതിനാൽ സീറ്റ് നിലനിർത്തേണ്ടത് മുന്നണിക്ക് ഏറെ പ്രധാന്യമുള്ള കാര്യമാണ്. പ്രത്യേകിച്ച് സംസ്ഥാനത്ത് അടുത്ത വർഷം നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന സാഹചര്യത്തിൽ. ഒരു സീറ്റെങ്കിലും വിജയിക്കാനായാൽ ഇത് യുഡിഎഫിനും ആത്മവിശ്വാസം പകരും.

അതേസമയം ചവറയിൽ ആർഎസ്പി നേതാവ് ഷിബു ബേബി ജോൺ യുഡിഎഫ് സ്ഥാനാർഥിയാകുമെന്ന് കൊല്ലം ഡിസിസി പ്രസിഡന്റ് ബിന്ദുകൃഷ്ണ അറിയിച്ചു. ഔദ്യോഗിക പ്രഖ്യാപനം ഉടനുണ്ടാകുമെന്നും ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചപ്പോൾ തന്നെ യുഡിഎഫ് പ്രവർത്തനം തുടങ്ങിയെന്നും ബിന്ദുകൃഷ്ണ പറഞ്ഞു. യുഡിഎഫ് ചവറയിൽ തികഞ്ഞ ആത്മവിശ്വാസത്തിലാണ്.

ചവറയില്‍ ആരു മൽസരിക്കും എന്ന കാര്യത്തിൽ ഇടതുമുന്നണിയിൽ ഇനിയും തീരുമാനമായിട്ടില്ലെന്നാണ് സൂചന. ഇവിടെ മരിച്ച എംഎൽഎ വിജയന്‍പിള്ള ആര്‍എസ്പി അരവിന്ദാക്ഷന്‍ വിഭാഗത്തിന്റെ സ്ഥാനാര്‍ത്ഥിയായാണ് വിജയിച്ചത്. ആ സീറ്റ് സിപിഎം ഏറ്റെടുക്കുമോ, വിജയന്‍പിള്ളയുടെ കുടുംബാംഗങ്ങളെ സ്ഥാനാര്‍ത്ഥിയാക്കുമോ എന്ന കാര്യത്തിൽ ഉടൻ തീരുമാനമുണ്ടാകുമെന്നാണ് അറിയുന്നത്.

കുട്ടനാടിൻ്റെ കാര്യത്തിൽ ഇടതുമുന്നണിയിൽ നേരത്തേ ധാരണയായിരുന്നു. സീറ്റ് എൻ സിപി ക്ക് നൽകിയിരുന്നതിനാൽ പാർട്ടി സ്ഥാനാർഥിക്കാര്യത്തിൽ ഏതാണ്ട് ധാരണയിലെത്തിക്കഴിഞ്ഞു. കുട്ടനാട്ടിൽ അന്തരിച്ച മുൻ എംഎൽഎ തോമസ് ചാണ്ടിയുടെ സഹോദരൻ തോമസ് കെ.തോമസായിരിക്കും എൽഡിഎഫ് സ്ഥാനാർഥി.

തോമസ് കെ.തോമസിനെ സ്ഥാനാർഥിയാക്കുന്നതിന് എൻസിപി കേന്ദ്ര നേതൃത്വത്തിന്റെ അംഗീകാരം ലഭിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. സ്ഥാനാർഥിയെ പ്രഖ്യാപിക്കുന്നതിൽ പാർട്ടിയിൽ ഭിന്നതയില്ലെന്നും തോമസ് കെ.തോമസിനെ സ്ഥാനാർഥിയാക്കാൻ നേരത്തെ തീരുമാനിച്ചതാണെന്നും മാണി സി കാപ്പനും അറിയിച്ചു.

ഇതു സംബന്ധിച്ച് എൻസിപി നേതാവും മന്ത്രിയുമായ എകെ ശശീന്ദ്രൻ സൂചന നൽകിയെങ്കിലും എൽഡിഎഫ് ചേർന്ന് ഔദ്യോഗികമായി സ്ഥാനാർഥിയെ പ്രഖ്യാപിക്കുമെന്നാണ് അറിയുന്നത്.

തെരഞ്ഞെടുപ്പ് ചര്‍ച്ചകളിലേക്ക് കടന്നതോടെ കുട്ടനാട് യുഡിഎഫിന് തലവേദനയായിരിക്കയാണ്.കേരള കോണ്‍ഗ്രസ് ജോസഫ്, ജോസ് കെ മാണി വിഭാഗങ്ങള്‍ തമ്മിലുള്ള തര്‍ക്കമാണിതിന് കാരണം. കേരള കോണ്‍ഗ്രസിന്റെ സീറ്റായ കുട്ടനാട്ടില്‍ മല്‍സരിക്കുമെന്ന് പി ജെ ജോസഫ് പക്ഷം പ്രഖ്യാപിച്ചിട്ടുണ്ട്. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ട അഡ്വ.ജേക്കബ് എബ്രാഹാമിനെ ജോസഫ് വിഭാഗം നേരത്തേ സ്ഥാനാർഥിയായി പ്രഖ്യാപിച്ചിരുന്നു. യുഡിഎഫുമായി ഭിന്നിച്ചു നിൽക്കുന്ന ജോസ് വിഭാഗം മൽസരിക്കാൻ തയ്യാറെടുക്കുകയാണ്. ശക്തി പരീക്ഷണത്തിനപ്പുറം പ്രധാനമായും ജോസഫിൻ്റെ സ്ഥാനാർഥിയെ പരാജയപെടുത്തുക എന്നതാണ് ഇവരുടെ ലക്ഷ്യമെന്നറിയുന്നു. യുഡിഎഫിലെ തര്‍ക്കങ്ങള്‍ മുതലെടുക്കാനാണ് സിപിഎം ശ്രമം. യുഡിഎഫ് വോട്ടുകൾ ഭിന്നിച്ചാൽ ഇടതുമുന്നണിക്ക് അനായാസം വിജയിക്കാമെന്ന് സിപിഎം വിലയിരുത്തുന്നു.