‌മത്തായിയുടെ ശരീരത്തിൽ നിരവധി പരിക്കുകൾ ; ആദ്യ ഇൻക്വസ്റ്റിൽ ഇവ രേഖപ്പെടുത്തയില്ല

പത്തനംതിട്ട: വനംവകുപ്പ് ഉദ്യോഗസ്ഥർ കസ്റ്റഡിയിൽ എടുത്ത ശേഷം കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയ മത്തായിയുടെ റീ പോസ്റ്റ്മോർട്ടം നടപടികൾ ആരംഭിച്ചു. ഉച്ചയ്ക്ക് ഒന്നരയോടെയാണ് പോസ്റ്റ്മോർട്ടം നടപടികൾ തുടങ്ങിയത്. ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി. സബ് ഡിവിഷണൽ മജിസ്ട്രേറ്റ്, സബ് കളക്ടർ, സിബിഐ ഉദ്യോഗസ്ഥർ എന്നിവരുടെ നേതൃത്വത്തിലാണ് ഇൻക്വസ്റ്റ് നടപടികൾ നടത്തിയത്.

ഒന്നരയോടെ ഇൻക്വസ്റ്റ് പൂർത്തിയാക്കിയ ശേഷമാണ് പോസ്റ്റ്മോർട്ടം ആരംഭിച്ചത്. ആദ്യം നടത്തിയ ഇൻക്വസ്റ്റ് നടപടിയിലും പോസ്റ്റ്മോർട്ടത്തിലും രേഖപ്പെടുത്താതിരുന്ന കൂടുതൽ മുറിവുകൾ കൂടി ഇന്ന് നടത്തിയ ഇൻക്വസ്റ്റിൽ കണ്ടെത്തിയിട്ടുണ്ട്. കൈമുട്ടിന് താഴെ പൊട്ടലുണ്ട്. തലയുടെ പിന്‍ഭാഗത്തും മുറിവുണ്ട്. ദേഹത്ത് പരുക്കനായ പ്രതലത്തില്‍ ഉരഞ്ഞതുപോലുള്ള പാടുകളുമുണ്ട്. കിണറ്റിൽ വീണപ്പോൾ ഉണ്ടായ പരിക്കുകളാവാം ഇവയെല്ലാം എന്നാണ് പ്രാഥമിക നിഗമനം.

നെടുങ്കണ്ടത്തെ രാജ്കുമാറിൻ്റെ മൃതദേഹം സിബിഐ ആവശ്യപ്രകാരം റീ പോസ്റ്റ്മോർട്ടം ചെയ്ത മൂന്ന് ഡോക്ടർമാരാണ് മത്തായിയുടെ മൃതദേഹവും സിബിഐയുടെ ആവശ്യപ്രകാരം റീപോസ്റ്റ്മോർട്ടം ചെയ്യുന്നത്. പത്തനംതിട്ട ജനറൽ ആശുപത്രിയിൽ പ്രത്യേകം തയ്യാറാക്കിയ പോസ്റ്റ്മോർട്ടം ടേബിളിലാണ് മത്തായിയുടെ പോസ്റ്റ്മോർട്ടം നടക്കുന്നത്.

മൂന്ന് മണിക്കൂറോളം നീളുന്ന
പോസ്റ്റ്മോർട്ടത്തിനു ശേഷം മൃതദേഹം പത്തനംതിട്ടയിലെ സ്വകാര്യ മോർച്ചറിയിലേക്ക് മാറ്റും. നാളെ രാവിലെ വിലാപ യാത്രയായി ജന്മദേശമായ കുടപ്പനക്കുളത്ത് എത്തിക്കും. മത്തായി മരിച്ച് നാൽപ്പത് ദിവസം തികയുന്നമ്പോൾ ആണ് അദ്ദേഹത്തിൻ്റെ മൃതദേഹം സംസ്കരിക്കുന്നത്. നാളെ ഉച്ചയ്ക്കു 3ന് കുടപ്പനക്കുളം സെന്റ് മേരീസ് ഓർത്തഡോക്സ് പള്ളിയിലാണ് സംസ്കാരം.

ജൂലൈ 28നാണ് വനം വകുപ്പിന്റെ കസ്റ്റഡിയിലായിരുന്ന മത്തായിയെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. കോട്ടയം മെഡിക്കൽ കോളജിലാണ് മൃതദേഹം ആദ്യം പോസ്റ്റ്മോർട്ടം ചെയ്തത്. മുങ്ങി മരണമാണെന്നും ശരീരത്തിലെ ക്ഷതങ്ങൾ വീഴ്ചയിൽ ഉണ്ടായതാണെന്നുമായിരുന്നു പോസ്റ്റ്മോർട്ടം റിപ്പോർട്ട്.