തിരുവനന്തപുരം: യുജിസിയും എഐസിടിഇയും നിഷ്കർഷിച്ചിട്ടുള്ള യോഗ്യതകളില്ലാത്ത എം.അബ്ദുൽ റഹ്മാനെ എൽബിഎസ്.എഞ്ചിനീയറിങ് കോളേജ് പ്രിൻസിപ്പലായി നിയമിച്ച നടപടിയിൽ ഗവർണർ ആരിഫ് മുഹമ്മദ്ഘാൻ വിശദീകരണം തേടി. അബ്ദുൽ റഹ്മാൻ്റെ നിയമനം റദ്ദാക്കണമെന്നാവശ്യപ്പെട്ട് സേവ് യൂണിവേഴ്സിറ്റി ക്യാംപെയിൻ കമ്മിറ്റി നൽകിയ പരാതിയിലാണ് വിദ്യാഭ്യാസ വകുപ്പ് സെക്രട്ടറിയോടും കെടിയു വൈസ് ചാൻസിലറോടും ഗവർണർ അടിയന്തിര വിശദീകരണം ആവശ്യപ്പെട്ടത്.
സി-ആപ്റ്റിലെ പാഴ്സൽ കടത്തിന് നേതൃത്വം നൽകിയ സി ആപ്റ്റ് ഡയറക്ടർ അബ്ദുറഹ്മാന്റെ നടപടികൾ പുറത്തായതിനെ തുടർന്ന് മന്ത്രി കെ ടി ജലീലിന്റെ നിർദ്ദേശാനുസരണം ഐഐടി പ്രൊഫസർമാരുടെ അപേക്ഷകൾ പോലും തള്ളി കളഞ്ഞു അദ്ദേഹത്തെ പ്രിൻസിപ്പലായി നിയമിക്കുകയായിരുന്നു. കേരള സർവകലാശാല 2005 ൽ പ്രത്യേക പരിഗണനയിലാണ് സപ്ലിമെൻററി പരീക്ഷയിൽ അബ്ദുറഹ്മാൻ എം.ടെക് ബിരുദം നേടിയത്.
നിയമനം റദ്ദ് ചെയ്തില്ലെങ്കിൽ നിയമനടപടികളുമായി മുന്നോട്ടുപോകുമെന്നും സേവ് യൂണിവേഴ്സിറ്റി ക്യാംപെയിൻ കമ്മിറ്റി ചെയർമാൻ ആർഎസ്ശശികുമാറും സെക്രട്ടറി എം ഷാജർഖാനും പറഞ്ഞു.
നിലവിലെ യുജിസി വ്യവസ്ഥ പ്രകാരം ഗവേഷണ മേൽനോട്ടം നടത്തിയുള്ള പരിചയമോ, അംഗീകൃത ഗവേഷണ പ്രസിദ്ധീകരണങ്ങളോ ഇല്ലെന്നും, പത്രപരസ്യം ചെയ്യാതെയും ഇൻറർവ്യൂ നടത്താതെയുമുള്ള നിയമനത്തിൽ മന്ത്രി കെടി ജലീലിന്റെ ഇടപെടൽ അന്വേഷണ വിധേയമാക്കണമെന്നും കമ്മിറ്റി ആവശ്യപ്പെട്ടു.