പൊതുസ്ഥലങ്ങളിൽ ഓണാഘോഷം അനുവദിക്കില്ല : ഓണത്തിരക്ക് നിയന്ത്രിക്കാൻ കർശന നടപടി

തിരുവനന്തപുരം: സംസ്ഥാനത്ത് കൊറോണ വ്യാപനം വർധിക്കുന്ന സാഹചര്യത്തിൽ ഓണത്തിരക്ക് നിയന്ത്രിക്കുന്നതിന് കർശനനടപടികൾ സ്വീകരിക്കാൻ നിർദ്ദേശം നൽകിയതായി സംസ്ഥാന പോലീസ് മേധാവി ലോക് നാഥ് ബെഹ്റ അറിയിച്ചു. മാളുകൾ, ഹൈപ്പർ മാർക്കറ്റുകൾ എന്നിവ തുറക്കുന്നതിന് അനുമതി ഉണ്ടെങ്കിലും അവർ ഹോം ഡെലിവറി സംവിധാനം പ്രോത്സാഹിപ്പിക്കുന്നതാണ് ഉചിതമെന്ന് ലോക് നാഥ് ബെഹ്റ വ്യക്തമാക്കി.

എല്ലാവിധ കൊറോണ സുരക്ഷാമാനദണ്ഡങ്ങളും പാലിച്ച് കടകൾ രാവിലെ ഏഴു മുതൽ വൈകിട്ട് ഒൻപത് വരെ തുറക്കാവുന്നതാണ്. കടയുടെ വലിപ്പം അനുസരിച്ചുവേണം ഉപഭോക്താക്കളെ ഉള്ളിൽ പ്രവേശിപ്പിക്കേണ്ടത്. കടകളിൽ പ്രവേശിപ്പിക്കാവുന്ന ആൾക്കാരുടെ എണ്ണം സംബന്ധിച്ച വിവരങ്ങൾ കടയുടെ പുറത്ത് പ്രദർശിപ്പിക്കേണ്ടതാണ്. ഉപഭോക്താക്കൾക്ക് കാത്തുനിൽക്കാൻ വേണ്ടി കടയുടെ പുറത്ത് വട്ടം വരയ്ക്കുകയോ ലൈൻ മാർക്ക് ചെയ്യുകയോ വേണം. കടകളിൽ എല്ലാത്തരം സാമൂഹിക സുരക്ഷാ മാനദണ്ഡങ്ങളും പാലിക്കണം. പോലീസ് ഇക്കാര്യം ഉറപ്പാക്കും.

പൊതുസ്ഥലങ്ങളിൽ ഓണാഘോഷം അനുവദിക്കുന്നതല്ല. ഓണസദ്യയുടേയും മറ്റും പേരിൽ കൂട്ടം കൂടാനോ പൊതുപരിപാടികൾ നടത്താനോ അനുവദിക്കില്ല. പായസം, മത്സ്യം എന്നിവ വിൽക്കുന്ന സ്ഥാപനങ്ങൾ ആരോഗ്യ സുരക്ഷാ പ്രോട്ടോക്കോൾ നിർബന്ധമായും പാലിക്കണം. അത്യാവശ്യമില്ലാത്ത യാത്രകൾ ഓണക്കാലത്ത് ഒഴിവാക്കണം. കണ്ടെയ്ൻമെൻറ് മേഖലയിലെ നിയന്ത്രണങ്ങൾ തുടരുമെന്നും സംസ്ഥാന പോലീസ് മേധാവി അറിയിച്ചു.