“അവസരാധിഷ്ടിത ആദർശനിലപാടു”മായി കോടിയേരി; ജോസ് വിഭാഗത്തെ കൂടെ കൂട്ടാൻ നീക്കം

തിരുവനന്തപുരം: കേരള കോണ്‍ഗ്രസ് ജോസ് കെ മാണി പക്ഷത്തെ കൂടെ കൂട്ടാന്‍ സിപിഎം നീക്കം. യുഡിഎഫ് വിട്ട് പുറത്തുവരുന്ന കക്ഷികളുടെ രാഷ്ട്രീയനിലപാടും സമീപനവും നോക്കി നിലപാട് സ്വീകരിക്കുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ വ്യക്തമാക്കി. തുടര്‍ന്ന് കൂട്ടായ ചര്‍ച്ചകളിലൂടെ എല്‍ഡിഎഫ് തീരുമാനമെടുക്കും. യുഡിഎഫിനെയും ബിജെപിയെയും ദുര്‍ബലമാക്കുകയാണ് ലക്ഷ്യമെന്നും ദേശാഭിമാനിയില്‍ എഴുതിയ ലേഖനത്തില്‍ കോടിയേരി പറയുന്നു.

യുഡിഎഫ് നേരിടുന്ന സംഘടനാപരവും രാഷ്ട്രീയവുമായ പ്രതിസന്ധിയുടെ ആഴം എത്ര വലുതാണെന്ന് രാജ്യസഭാ ഉപതെരഞ്ഞെടുപ്പിലെയും അവിശ്വാസ പ്രമേയത്തിലെയും വോട്ടെടുപ്പ് തെളിയിച്ചു. കേരള കോണ്‍ഗ്രസ് എമ്മിലെ രണ്ട് എംഎല്‍എമാര്‍ യുഡിഎഫില്‍ അവിശ്വാസം രേഖപ്പെടുത്തി. ഇത് യുഡിഎഫിലെ പ്രതിസന്ധിയെ പുതിയൊരു തലത്തില്‍ എത്തിച്ചിരിക്കുകയാണ്. യുഡിഎഫ് തീരുമാനം തന്റെ കക്ഷിക്ക് ബാധകമല്ലെന്ന് വ്യക്തമാക്കിയാണ് ജോസ് കെ മാണി പക്ഷം യുഡിഎഫ് സ്ഥാനാര്‍ഥിക്ക് വോട്ട് ചെയ്യാതിരുന്നത്. കേരള കോണ്‍ഗ്രസ് എം ദേശീയതലത്തില്‍ യുപിഎയുടെ ഘടകകക്ഷിയാണ്. ആ കക്ഷിയാണ് രാജ്യസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള യുഡിഎഫ് സ്ഥാനാര്‍ഥിക്ക് വോട്ട് ചെയ്യാതിരുന്നതും സ്വതന്ത്രനിലപാട് കൈക്കൊണ്ടതും.

കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തെ ചൊല്ലിയുള്ള തര്‍ക്കത്തിനിടെ ജോസ് വിഭാഗത്തെ യുഡിഎഫില്‍നിന്ന് പുറത്താക്കിയതായി ആ മുന്നണിയുടെ നേതൃത്വം പ്രഖ്യാപിച്ചിരുന്നു. തകരാന്‍ പോകുന്ന കപ്പലില്‍നിന്ന് നേരത്തേ മോചിതമായതിന്റെ സന്തോഷം പ്രകടിപ്പിക്കുകയായിരുന്നു അപ്പോള്‍ ജോസ് കെ മാണിയും കൂട്ടരും ചെയ്തത്. എന്നാല്‍, ജോസ് വിഭാഗത്തെ യുഡിഎഫില്‍ തിരിച്ചുകൊണ്ടുവരാന്‍ കോണ്‍ഗ്രസ് – മുസ്ലിംലീഗ് നേതാക്കള്‍ പലവിധ അനുനയ നീക്കങ്ങള്‍ നടത്തിയെങ്കിലും പരാജയപ്പെട്ടു. ഈ പശ്ചാത്തലത്തിലാണ് രാജ്യസഭാ ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫിന് വിള്ളലേറ്റത്.

ഇത് ശ്രദ്ധേയമായൊരു രാഷ്ട്രീയ സംഭവവികാസമാണ്. യുഡിഎഫിലെ ആഭ്യന്തര കലഹത്തിന്റെ അതിര്‍വരമ്പും കടന്നിരിക്കുകയാണ്. ഇത്തരം സംഭവഗതികള്‍ യുഡിഎഫിന്റെ ശക്തിയെയും നിലനില്‍പ്പിനെയും സാരമായി ബാധിക്കും. മുന്നണി രാഷ്ട്രീയത്തിന്റെ സ്വഭാവത്തില്‍ പ്രകടമാകുന്ന അന്തരവും ഇവിടെ തെളിയുന്നുണ്ട്.

എല്‍ഡിഎഫ് എന്നത് പ്രത്യയശാസ്ത്രപരമായും രാഷ്ട്രീയമായും സംഘടനാപരമായും കെട്ടുറപ്പുള്ള രാഷ്ട്രീയ കൂട്ടുകെട്ടാണ്. യുഡിഎഫ് ആകട്ടെ അന്തഃഛിദ്രത്തിന്റെ മുന്നണിയും. അതുകൊണ്ടുതന്നെ യുഡിഎഫിന്റെ ആഭ്യന്തര കലഹത്തില്‍ എല്‍ഡിഎഫോ സിപിഐ എമ്മോ കക്ഷിയാകില്ല. എന്നാല്‍, യുഡിഎഫ് വിട്ട് പുറത്തുവരുന്ന കക്ഷികളുടെ രാഷ്ട്രീയനിലപാടും സമീപനവും നോക്കി എല്‍ഡിഎഫ് കൂട്ടായ ചര്‍ച്ചകളിലൂടെ നിലപാട് സ്വീകരിക്കും. യുഡിഎഫിനെയും ബിജെപിയെയും ദുര്‍ബലമാക്കുകയാണ് പൊതുലക്ഷ്യമെന്നും കോടിയേരി ലേഖനത്തില്‍ വ്യക്തമാക്കി.