ബാലഭാസ്കറിന്‍റെ മരണവുമായി ബന്ധപ്പെട്ട് നുണപരിശോധനയ്ക്ക് തയ്യാർ: ഡ്രൈവർ അർജ്ജുൻ

തൃശ്ശൂർ: ബാലഭാസ്കറിന്‍റെ മരണവുമായി ബന്ധപ്പെട്ട് ഏത് അന്വേഷണത്തിനും താൻ തയ്യാറെന്ന് ഡ്രൈവർ അർജ്ജുൻ സിബിഐയോട് വ്യക്തമാക്കി. നുണ പരിശോധനക്ക് തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു. കൊല്ലത്ത് നിന്ന് കാർ ഓടിച്ചത് ബാലഭാസ്‌കറാണ്. താൻ പിന്നിലെ സീറ്റിൽ ഉറങ്ങുകയായിരുന്നെന്നും മൊഴി നൽകി. തനിക്ക് പറ്റിയ പരിക്കുകളുടെ ചിത്രങ്ങളും അർജുൻ സിബിഐ സംഘത്തിന് കൈമാറി.

തൃശ്ശൂരിൽ സിബിഐ സംഘത്തിന് മുന്നിൽ ചോദ്യം ചെയ്യലിന് ഹാജരായ ശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. രണ്ട് മണിക്കൂറോളം ചോദ്യം ചെയ്യൽ നീണ്ടു നിന്നു. തിരുവനന്തപുരം സിബിഐ എസ്പി നന്ദകുമാറിന്റെ നേതൃത്വത്തിലാണ് ചോദ്യം ചെയ്തത്. അപകടം ഉണ്ടായ വാഹനം ഓടിച്ചത് ആരാണെന്ന കാര്യത്തിൽ അവ്യക്തത തുടരുന്നുണ്ട്. താനല്ല വണ്ടി ഓടിച്ചതെന്നാണ് അർജുൻ ആവർത്തിച്ച് പറയുന്നത്. ഇതിൽ വ്യക്തത വരുത്താനാണ് ചോദ്യം ചെയ്തത്.

നേരത്തെ ക്രൈം ബ്രാഞ്ച് സംഘത്തിന് നൽകിയ മൊഴിയിലും അർജുൻ വണ്ടിയോടിച്ചത് താനല്ലെന്ന് പറഞ്ഞിരുന്നു. എന്നാൽ വാഹനത്തിലുണ്ടായിരുന്ന ബാലഭാസ്കറിന്റെ ഭാര്യ ലക്ഷ്മി പറഞ്ഞത് അർജുനാണ് വാഹനം ഓടിച്ചതെന്നാണ്. മരിക്കുന്നതിന് മുൻപ് ബാലഭാസ്കറിന്റെ മൊഴിയും ഇത് തന്നെയായിരുന്നുവെന്ന് ഡോക്ടർ പറഞ്ഞിരുന്നു.