കൊച്ചി: നയതന്ത്ര സ്വർണക്കടത്ത് കേസിൽ മുഖ്യമന്ത്രിയുടെ മുൻ ഐടി ഫെല്ലോ അരുൺ ബാലചന്ദ്രനെയും മാധ്യമപ്രവർത്തകൻ അനിൽ നമ്പ്യാരെയും കസ്റ്റംസ് ചോദ്യം ചെയ്യും. ചോദ്യം ചെയ്യുന്നതിനായി അരുൺ ബാലചന്ദ്രന് നോട്ടീസ് നൽകിയിട്ടുണ്ട് എങ്കിലും അരുൺ ഹാജരാകുമോ എന്ന കാര്യത്തിൽ വ്യക്തതയില്ല.
തിരുവനന്തപുരത്ത് ശിവശങ്കറിന്റെ നിർദേശപ്രകാരം സ്വപ്നക്ക് താമസിക്കുന്നതിനായി ഫ്ലാറ്റ് ബുക്ക് ചെയ്തുവെന്ന് ആണ് അരുൺ മാധ്യമങ്ങളോട് വ്യക്തമാക്കിയത്. ഫ്ളാറ്റിൽ സ്വർണ്ണക്കടത്ത് പ്രതികളാണ് താമസിച്ചിരുന്നത് എന്ന കണ്ടെത്തലിനെ തുടർന്നാണ് അരുണിനെ കസ്റ്റംസ് ചോദ്യം ചെയ്യാൻ ഒരുങ്ങുന്നത്. കേസുമായി ബന്ധപ്പെട്ട് ഇതാദ്യമാണ് കസ്റ്റംസ് അരുണിനെ ചോദ്യം ചെയ്യുന്നത്. അരുണിനെ കൂടാതെ മാധ്യമ പ്രവർത്തകൻ അനിൽ നമ്പ്യാരെയും കസ്റ്റംസ് ഇന്ന് ചോദ്യം ചെയ്യും. സ്വർണക്കടത്തുമായി ബന്ധപ്പെട്ട സാക്ഷിയാണ് അനിൽ നമ്പ്യാർ. സ്വർണം പിടിച്ച ദിവസം അനിൽ നമ്പ്യാരും സ്വപ്ന സുരേഷും തമ്മിൽ ഫോണിൽ ബന്ധപ്പെട്ടിരുന്നതായി കസ്റ്റംസിന് വിവരം ലഭിച്ചിരുന്നു.
കള്ളക്കടത്തല്ല എന്ന് വ്യക്തമാക്കുന്നതിന് വേണ്ടിയുള്ള രേഖകൾ ചമയ്ക്കാൻ അനിൽ നമ്പ്യാർ സഹായിച്ചുവെന്നു സ്വപ്ന കസ്റ്റംസിന് മൊഴി നൽകിയിരുന്നു. ഇതിനെ കുറിച്ച് കൂടുതൽ കാര്യങ്ങൾ ചോദിച്ച് അറിയുന്നതിന് വേണ്ടിയാണ് അനിൽ നമ്പ്യാരെ ചോദ്യം ചെയ്യുന്നത്.