പമ്പാ മണല്‍ക്കടത്ത് കേസില്‍ വിജിലന്‍സ് അന്വേഷണത്തിന് കോടതി ഉത്തരവ്

തിരുവനന്തപുരം: പമ്പാ മണല്‍ക്കടത്ത് കേസില്‍ വിജിലന്‍സ് അന്വേഷണത്തിന് കോടതി ഉത്തരവ്. പ്രതിപക്ഷ നേതാവിന്‍റെ പരാതിയിലാണ് അന്വേഷണം. തിരുവനന്തപുരം വിജിലന്‍സ് കോടതിയാണ് അന്വേഷണത്തിന് ഉത്തരവിട്ടത്. നേരത്തെ ഇതേ ആവശ്യത്തിന് വിജിലന്‍സ് ഡയറക്ടര്‍ക്ക് കത്ത് നല്‍കിയിരുന്നെങ്കിലും സര്‍ക്കാര്‍ അനുമതി ലഭിച്ചിരുന്നില്ല. പ്രളയത്തെ തുടർന്ന് പമ്പാ ത്രിവേണിയിൽ അടിഞ്ഞു കൂടിയ മണൽ നീക്കം ചെയ്യാൻ ജില്ലാ കളക്ടർ നൽകിയ അനുമതിക്ക് എതിരെയാണ് വിജിലൻസ് അന്വേഷണം.

പ്രളയത്തെ തുടർന്ന് അടിഞ്ഞുകൂടിയ മണ്ണ് പമ്പ ത്രിവേണിയിൽ നിന്ന് നീക്കം ചെയ്യാൻ കേരള ക്ലേസ് ആന്‍റ് സെറാമിക്സ് പ്രൊഡക്ട്സ് ലിമിറ്റ‍ഡിന് അനുമതി നൽകിയിരുന്നു. അനുമതിയുടെ മറവിൽ ക്ലേസ് ആന്‍റ് സെറാമിക്സ്, സ്വകാര്യ കമ്പനികൾക്ക് മണൽ മറിച്ച് വിൽക്കുന്നുവെന്നായിരുന്നു ആക്ഷേപം. അനുമതി നൽകിയുള്ള പത്തനംതിട്ട ജില്ലാ കളക്ടറുടെ നടപടിയിൽ അഴിമതിയുണ്ടെന്നാണ് പ്രതിപക്ഷ നേതാവിന്‍റെ ആക്ഷേപം.

ആരോപണം ഉയർന്നതോടെ മണൽ കൊണ്ടുപോകരുതെന്ന് കാണിച്ച് വനം വകുപ്പും ഉത്തരവിട്ടിരുന്നു. ഇതിന് പിന്നാലെ അന്വേഷണം വേണമെന്നാവശ്യപ്പെട്ട് വിജിലൻസ് ഡയറക്ടർക്ക് നൽകിയ കത്ത് സർക്കാർ തളളുകയായിരുന്നു. ദുരന്ത നിവാരണ നിയമപ്രകാരം പമ്പയിലെ സ്വാഭാവിക നീരൊഴുക്ക് പുനസ്ഥാപിക്കാനും ജലസംഭരണശേഷി കൂട്ടാനും മണൽ നീക്കം ചെയ്യണമെന്നായിരുന്നു സർക്കാർ വിശദീകരണം.