തളര്‍ന്നുവീണ ആംബുലന്‍സ് ഡ്രൈവര്‍ക്ക് കൈതാങ്ങായത് പൊലീസുകാരന്‍

കോഴിക്കോട്: കൊറോണ രോഗികളുമായി വന്ന ആംബുലന്‍സ് ഡ്രൈവര്‍ തളര്‍ന്നുവീണു. കൈതാങ്ങായി പൊലീസുകാരന്‍. താമരശേരി പൊലീസ് സ്റ്റേഷനിലെ ഡ്രൈവര്‍ ജിലു സെബാസ്റ്റ്യനാണ് തളര്‍ന്നുവീണ വളയം സ്വദേശിയെ സഹായിക്കാനെത്തിയത്.

ചൊവ്വാഴ്ച ഉച്ചയ്ക്ക് ശേഷം കൊറോണ രോഗികളുമായി 108 ആംബുലന്‍സില്‍ എന്‍ഐടിയിലെ എഫ്എല്‍ടിസിയിലേക്ക് പോകുകയായിരുന്നു അരുണ്‍. താമരശേരി കോടതിക്ക് സമീപമെത്തിയപ്പോഴാണ് തളര്‍ച്ചയനുഭവപ്പെട്ടത്. പിപിഇ കിറ്റ് ധരിച്ച ഇയാളുടെ അടുത്തേക്ക് പോകാന്‍ എല്ലാവരും ഭയന്നുനിന്നപ്പോഴാണ് കോടതിയിലേക്ക് ഡ്യൂട്ടിക്ക് വന്ന പൊലീസ് ഡ്രൈവര്‍ ഓടിയെത്തി ഇയാളെ മാറ്റിക്കിടത്തി കുടിക്കാന്‍ വെള്ളം കൊടുത്തത്. ഏറെ നേരം പിപിഇ കിറ്റ് ധരിച്ചതിനാലും ഭക്ഷണം കഴിക്കാത്തതിനാലും തളര്‍ന്നു വീഴുകയായിരുന്നു.

ഡ്രൈവര്‍ അറിയിച്ചതനുസരിച്ച് മറ്റൊരു ആംബുലന്‍സ് എത്തി രോഗികളെ എഫഎല്‍ടിസിയിലേക്ക് മാറ്റി. നടുവണ്ണൂര്‍, തെച്ചിയാട് നിന്നായി കൊറോണ ബാധിതരായി കുടുംബത്തിലെ അഞ്ച് പേരാണ് ആംബുലന്‍സില്‍ ഉണ്ടായിരുന്നത്.