തിരുവനന്തപുരം: പ്രതിപക്ഷം സമരം ചെയ്താൽ കൊറോണ വ്യാപനമുണ്ടാകുമെന്ന് ധനമന്ത്രി തോമസ് ഐസകിൻ്റെയും ഇടതുമുന്നണി ഏകോപന സമിതി കൺവീനർ വി എസ് വിജയരാഘവൻ്റെയും മുന്നറിയിപ്പ്. പ്രതിപക്ഷത്തിന് മരണ വ്യാപാരികൾ എന്ന ലേബൽ ചാർത്തികൊടുക്കാതെ നിർവാഹമില്ലെന്നാണ് തോമസ് ഐസക് അഭിപ്രായപ്പെട്ടത്.
കൊറോണ രോഗവ്യാപനം കുത്തനെ ഉയരുകയാണ്. ആ സമയത്താണ് ഹൈക്കോടതി വിധി നഗ്നമായി ലംഘിച്ച് നാട്ടിൽ കലാപത്തിനായി യുഡിഎഫും ബിജെപിയും എസ്ഡിപിഐയും വെൽഫെയർ പാർട്ടിയുമെല്ലാം ഇറങ്ങിയതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ചുരുങ്ങിയത് 5 തവണയെങ്കിലും യുഡിഎഫ് ഭരണകാലത്ത് തീപിടുത്തം ഉണ്ടായിട്ടുണ്ട്.
ഈ ഭരണകാലത്ത് ആരോഗ്യമന്ത്രിയുടെ ആഫീസിൽ ഷോർട്ട് സർക്യൂട്ടുമൂലം തീപിടുത്തം ഉണ്ടായി. അതുകൊണ്ടാണ് സെക്രട്ടേറിയറ്റിന്റെ പൗരാണിക തനിമ നിലനിർത്ത സമൂലമായ നവീകരണം വേണമെന്ന് സർക്കാർ തീരുമാനിച്ചതെന്നും ഐസക് വ്യക്തമാക്കി.
ഏകദേശം 99 ശതമാനം ഫയലുകളും ഇ-ഫയലായിട്ടാണ് കൈകാര്യം ചെയ്യുന്നത്. ഫിസിക്കൽ ഫയലുകളുടെപോലും ഡിജിറ്റൽ കോപ്പി സർവറിൽ ലഭ്യമാണ്. പ്രതിപക്ഷ നേതാവ് സ്ഥാനം നിലനിർത്തുന്നതിനു ബിജെപിയോട് മത്സരിക്കാൻ പോകേണ്ടതില്ല. ബിജെപി നേതാവ് സുരേന്ദ്രന്റെ നീക്കങ്ങൾ ദുരൂഹമാണെന്നു പറയാതെ വയ്യ. അദ്ദേഹം തന്നെ അത് ദൂരീകരിക്കണം. ഓഫീസുകളിൽ ഉണ്ടായിരുന്ന മന്ത്രിമാർപോലും അറിയുന്നതിനു മുമ്പ് നിങ്ങൾ ഇതെങ്ങനെ അറിഞ്ഞ് ഓടിയെത്തി? ക്ഷണമാത്രയിൽ ആരോപണവും ഉന്നയിച്ചെന്നും തോമസ് ഐസക് ചോദിച്ചു. ”തീ കത്തി ജി-മെയിൽ മരണപ്പെട്ടു, യാഹുവിന് പരിക്കുപറ്റി”യെന്നതും കേട്ട് സമരത്തിന് ഇറങ്ങല്ലേ പ്രതിപക്ഷ നേതാവേയെന്നും തോമസ് ഐസക് പറഞ്ഞു.
കൊറോണ മാനദണ്ഡം പാലിക്കാതെ പ്രതിഷേധം നടത്തുക വഴി സംസ്ഥാനത്ത് രോഗം വ്യാപിപ്പിക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്ന് എൽഡിഎഫ് കൺവീനർ എ.വിജയരാഘവൻ. സംസ്ഥാന സർക്കാരിനെതിരെ വിമോചന സമരത്തിൻ്റെ അന്തരീക്ഷമുണ്ടാക്കാൻ കോൺഗ്രസും ബിജെപിയും സംയുക്തമായി ശ്രമിക്കുകയാണ്. പാതാളത്തിനും താഴേക്ക് പോകുകയാണ് സംസ്ഥാനത്തെ പ്രതിപക്ഷം.
തീപിടുത്തം നടന്ന ഉടൻ ബിജെപി അധ്യക്ഷൻ സെക്രട്ടേറിയറ്റിലെത്തിയത് ദുരൂഹമാണ്. അന്വേഷണ സംഘം ഇതും പരിശോധിക്കണം. പ്രതിപക്ഷം നടത്തുന്ന ഈ നാടകം ശോകമൂകമായി അവസാനിക്കും. എഴുതി തയ്യാറാക്കിയ തിരക്കഥയിലെ ട്വിസ്റ്റും ക്ലൈമാക്സും ഉണ്ടാക്കാനാണ് പ്രതിപക്ഷം ഇപ്പോൾ ശ്രമിക്കുന്നത്.
കത്തിയത് വിവാദ ഫയലുകളാണെന്ന് ചുരുങ്ങിയ സമയത്തിൽ പ്രതിപക്ഷം എങ്ങനെയാണ് മനസിലാക്കിയത്. ഇ ഫയലിംഗ് നടപ്പാക്കിയത് കൊണ്ട് എല്ലാ സുരക്ഷിതമാണ്. പ്രോട്ടോക്കോൾ ഓഫീസർ ശ്രമിച്ചാലും കടലാസ് മാറ്റാൻ കഴിയില്ല.
യുഡിഎഫ് കൊണ്ടു വന്ന അവിശ്വാസ പ്രമേയത്തിൽ നിന്നും ജോസ് പക്ഷം വിട്ടു നിന്നത് സ്വാഗതാർഹമായ കാര്യമാണ്. പുതിയ രാഷ്ട്രീയ നിലപാടിൽ ജോസ് പക്ഷം ആദ്യം അഭിപ്രായം വ്യക്തമാക്കട്ടെ. കെഎം മണി മരിച്ചതോടെ നേരത്തെ നിലനിന്നിരുന്ന പ്രശ്നങ്ങളെല്ലാം പരിഹരിക്കപ്പെട്ടിട്ടുണ്ടെന്ന് എൽഡിഎഫ് കൺവീനർ പറഞ്ഞു.