കേരള സർവ്വകലാശാലയിൽ കൊറോണയുടെ മറവിൽ തിരക്കിട്ട് സിലബസ് പരിഷ്കരണം

തിരുവനന്തപുരം: കേരള സർവ്വകലാശാലയിൽ
കൊറോണയുടെ മറവിൽ നൂറോളം വിവിധ
കോഴ്സുകളുടെ സിലബസ് ഒറ്റ ദിവസം കൊണ്ട് ഓൺലൈൻ മീറ്റിങ്ങിലൂടെ അംഗീകരിക്കുന്നതായി ആക്ഷേപം. എംഎസ്സി, എംടെക്, എംബിഎ, എംസിഎ, എംഎ, എം കോം, എംസിജെ, കോഴ്സുകളുടെയും കോളേജുകളിലബിരുദ കോഴ്സുകളുടെയും സിലബസൂകളാണ് നാളെ കൂടുന്ന അക്കാഡമിക് ഓൺലൈൻ മീറ്റിംഗ് വഴി ഭേദഗതി ചെയ്യുന്നത്.സർവകലാശാല പോസ്റ്റ് ഗ്രാജുവേറ്റ് സിഎസ് എസിന്റെ പുതിയ റെഗുലേഷനും അംഗീകരിക്കേണ്ടതിന്റെ കൂട്ടത്തിലുണ്ട്.

ബിരുദ പരീക്ഷകളുടെ ഫലം ഭാഗീകമായി മാത്രം പ്രസിദ്ധീകരിച്ച് ആയിരക്കണക്കിന് വിദ്യാർഥികളുടെ ഉന്നത പoന സാധ്യത നഷ്ടമാക്കിയ സർവകലാശാലയാണ് സിലബസ് പരിഷ്കരണം തിരക്കിട്ട് നടത്തുന്നത്. ഈ നടപടി വഴി ഓരോ ബോർഡിന്റെയും വ്യക്തിപരമായ താത്പര്യമനുസരിച്ച് മാറ്റം വരുത്തുന്നതും വിശദമായ ചർച്ചകൾ കൂടാതെ അംഗീകരിക്കുന്നതും സർവ്വകലാശാല കോഴ്സുകളുടെ നിലവാരം നഷ്ടപ്പെടുമെന്നാണ് ആരോപണം.

അയ്യായിരത്തോളം പേജുകളുള്ള സിലബസ് അക്കാദമിക് കൗൺസിൽ അംഗങ്ങൾക്ക് അജണ്ടയായി ഇ-മെയി ലിൽ ഇന്നാണ് അയച്ചുകൊടുത്തത്. ഇത് വായിക്കുകയും ചർച്ച ചെയ്യുകയും ചെയ്യുന്നതിന് കുറഞ്ഞത് നാല് ദിവസത്തെ യോഗം വേണ്ടിവരും. ആവശ്യത്തിന് സമയമെടുത്ത് അതീവ ശ്രദ്ധയോടെ തീരുമാനിക്കേണ്ട കാര്യമാണ് തിരക്കിട്ട് നടപ്പാക്കാൻ ശ്രമിക്കുന്നതെന്ന് ആക്ഷേപമുണ്ട്.

നാക് അംഗീകാരം നഷ്ടപ്പെട്ട സർവകലാ ശാലയ്ക്ക് അടുത്തമാസം നാക്ക് ടീം പരിശോധനയ്ക്ക് വരുമ്പോൾ സിലബസുകൾ പുതിയതാക്കിയതായി ബോധ്യപ്പെടുത്തുന്നതിന് വേണ്ടിയാണ് ഈ തിരക്കുപിടിച്ച സിലബസ് അംഗീകരിക്കൽ . നാളെ രാവിലെ വിസി യുടെ അധ്യക്ഷതയിലാണ് ഓൺലൈൻ മീറ്റിംഗ് നിശ്ചയിച്ചിട്ടുള്ളത്. 120 അംഗങ്ങളാണ് കൗൺസിലിലുള്ളത്.