സർക്കാരിന് തിരിച്ചടി; പെരിയ കൂട്ടകൊലപാതകം സിബിഐ അന്വേഷിക്കും

കൊച്ചി: പെരിയ കൂട്ടകൊലപാതകം സിബിഐ അന്വേഷിക്കും. കേസ് സിബിഐ ക്ക് വിട്ട സിംഗിൾ ബെഞ്ചിന്റെ ഉത്തരവ് ചോദ്യം ചെയ്തു സംസ്ഥാന സർക്കാർ സമർപ്പിച്ച അപ്പീൽ ഹൈക്കോടതി തളളിയത് സർക്കാരിന് തിരിച്ചടിയായി. ചീഫ് ജസ്റ്റിസ് മണികുമാര്‍, ജസ്റ്റിസ് സി. ടി രവികുമാര്‍ എന്നിവരുടേതാണ് ഉത്തരവ്.

പെരിയയില്‍ കൊല്ലപ്പെട്ട യുവാക്കളുടെ മാതാപിതാക്കള്‍ നല്‍കിയ ഹർജിയിൽ 2019 സെപ്റ്റംബറിൽ ആണ് പെരിയ കൂട്ടകൊലപതക കേസ് സിബിഐ ക്ക് കൈമാറാൻ സിംഗിൾ ബെഞ്ച് ഉത്തരവിടുന്നത്. എന്നാൽ ഇതിനെതിരെ സംസ്ഥാന സർക്കാർ അപ്പീൽ നൽകിയതോടെ അന്വേഷണം താൽകാലികമായി നിർത്തിവക്കുകയായിരുന്നു.

അപ്പീലിന്മേൽ ഉള്ള വാദം നവംബറിൽ തന്നെ പൂർത്തിയായിരുന്നു. എന്നാൽ വിധി പറയുന്നത് വൈകി. വിധി വൈകിയ സാഹചര്യത്തിൽ കേസ് മറ്റൊരു ബെഞ്ചിലേക്ക് മാറ്റണമെന്നാവശ്യപ്പെട്ട് കൊല്ലപ്പെട്ട കൃപേഷിന്റെയും ശരത് ലാലിന്റെയും മാതാപിതാക്കൾ കോടതിയെ സമീപിച്ചിരുന്നു.

2018 ഫെബ്രുവരി 17നായിരുന്നു കല്യോട്ടെ യൂത്ത് കോണ്ഗ്രസ് പ്രവർത്തകരായ കൃപേശും ശരത് ലാലിനെയും സിപിഎം പ്രവർത്തകർ വെട്ടികൊലപ്പെടുത്തുന്നത്. കേസിൽ 14പ്രതികളെ ഉൾപ്പെടുത്തി ക്രൈം ബ്രാഞ്ച് കുറ്റപത്രം നൽകിയിരുന്നു.