തിരുവനന്തപുരം വിമാനത്താവളം അദാനിക്ക് നൽകുന്നതിന് സ്റ്റേ; സർക്കാർ ഹർജി ഇന്ന് ഹൈക്കോടതിയിൽ

തിരുവനന്തപുരം: വിമാനത്താവളം അദാനി ഗ്രൂപ്പിന് പാട്ടത്തിന് നൽകാനുള്ള നടപടികൾ സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് സർക്കാർ സമർപ്പിച്ച ഉപ ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. വിമാനത്താവളം കൈമാറാനുള്ള നടപടി സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞ വർഷം സർക്കാർ ഹൈക്കോടതിയെ സമീപിച്ചിരുന്നു. എന്നാൽ ഹർജി വളരെ നേരത്തെയാണെന്ന് കാണിച്ച് ഹൈക്കോടതി ഈ ആവശ്യം തള്ളുകയായിരുന്നു. ഇതിനെതിരായ സർക്കാരിൻ്റെ അപ്പീലിൽ ഹർജി വീണ്ടും പരിഗണിക്കാൻ സുപ്രീം കോടതി ഹൈക്കോടതിക്ക് നിർദേശം നൽകി. ഹൈക്കോടതിയുടെ പരിഗണനയിലുള്ള ഈ കേസിൽ ഉത്തരവ് വരും വരെ തുടർനടപടികൾ സ്റ്റേ ചെയ്യണമെന്നാണ് ആവശ്യം.

വിമാനത്താവള നടത്തിപ്പ് അദാനിയെ ഏൽപ്പിക്കുന്നതിനോട് സംസ്ഥാന സര്‍ക്കാരിന് യോജിക്കാനാകില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ഇന്നലെ നിയമസഭയിൽ അവതരിപ്പിച്ച പ്രമേയത്തിൽ പറഞ്ഞിരുന്നു. സര്‍ക്കാര്‍ അഭ്യര്‍ത്ഥന കേന്ദ്ര സര്‍ക്കാര്‍ അവഗണിച്ചു. വിമാനത്താവളം നടത്തിപ്പ് അദാനിക്ക് പാട്ടത്തിന് നൽകാനുള്ള നടപടി അംഗീകരിക്കില്ലെന്ന് പ്രധാനമന്ത്രിയെ അറിയിച്ചിട്ടുണ്ട്.

സ്വകാര്യ കമ്പനി ക്വോട്ട് ചെയ്ത തുക നൽകാമെന്ന് കേന്ദ്രത്തെ അറിയിച്ചിട്ടുണ്ട്. ഇത് കേന്ദ്രം പരിഗണിച്ചില്ല. കണ്ണൂർ, കൊച്ചി അന്താരാഷ്ട്ര വിമാനത്താവളങ്ങൾ മികച്ച നിലയിൽ നടത്തുന്നത് സംസ്ഥാന സർക്കാരാണ്. അദാനിക്ക് വിമാനത്താവളം നടത്തി പരിചയമില്ല. സംസ്ഥാന സർക്കാർ വിമാനത്താവളത്തിനായി ഭൂമി നൽകിയിട്ടുണ്ട്. സൗജന്യമായി നൽകിയ ഭൂമിയുടെ വില സംസ്ഥാന സർക്കാരിന്റെ ഓഹരിയായി കണക്കാക്കണമെന്ന് ആവശ്യപ്പെട്ടതാണ്.

പൊതു സ്വകാര്യ പങ്കാളിത്തത്തോടെ വിമാനത്താവള നടത്തിപ്പിൽ മുൻപരിചയം ഉണ്ടായിട്ടും കേരളം അവഗണിക്കപ്പെട്ടു. യാതൊരു അനുഭവവും ഇല്ലാത്ത കമ്പനിയെയാണ് കേന്ദ്രസര്‍ക്കാര്‍ നടത്തിപ്പ് ഏൽപ്പിച്ചത്. ഇത് അംഗീകരിക്കാനാകില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. തിരുവനന്തപുരം വിമാനത്താവളം നടത്തിപ്പും മേൽനോട്ടവും അദാനിക്ക് നൽകാനുള്ള കേന്ദ്രമന്ത്രിസഭാ തീരുമാനത്തിനെതിരെയാണ് സംസ്ഥാന സർക്കാർ നിയമസഭയിൽ പ്രമേയം അവതരിപ്പിച്ചത്.