സ്വർണത്തിന് വീണ്ടും വിലയിടിവ്; പവന് 38, 560 രൂപയായി കുറഞ്ഞു

കൊച്ചി: നാല് ദിവസമായി ഒരേ വിലയിൽ തുടർന്ന സ്വർണത്തിന് സംസ്ഥാനത്ത് വീണ്ടും വിലയിടിവ്. പവന് 320 രൂപയാണ് ഇന്ന് കുറഞ്ഞത്. ഇതോടെ സ്വർണം പവന് 38, 560 രൂപയായി കുറഞ്ഞു. 4820 രൂപയാണ് ഗ്രാമിന്റെ വില. ഇൗ മാസത്തെ ഏറ്റവും കുറഞ്ഞ വിലയാണ് ഇന്നത്തേത്.
കഴിഞ്ഞ നാലു ദിവസമായി 38,880 രൂപയാണ് ഒരു പവൻ സ്വർണത്തിന് വില. ഇൗ മാസം ആദ്യ വാരങ്ങളിൽ ഏറ്റവും ഉയർന്ന വില നിലവാരമായ 42,000 രൂപയിൽ നിന്നും 3440 രൂപയാണ് കുറഞ്ഞിരിക്കുന്നത്‌.
ഓഗസ്റ്റ് 7,8,9 തിയതികളിലാണ് ഏറ്റവും കൂടുതൽ വില സ്വർണത്തിൽ രേഖപ്പെടുത്തിയിരുന്നത്.

ഇന്ത്യൻ വിപണികളിൽ സ്വർണത്തിന്റെയും വെള്ളിയുടെയും വില ഇന്നും കുറഞ്ഞു. എം‌സി‌എക്‌സിൽ ഒക്ടോബർ സ്വർണ്ണ ഫ്യൂച്ചറുകൾ 10 ഗ്രാമിന് 0.3 ശതമാനം ഇടിഞ്ഞ് 51865 രൂപയിലെത്തി. തുടർച്ചയായ നാലാം ദിവസമാണ് സ്വർണ വില ഇന്ന് കുറഞ്ഞത്. നാല് ദിവസത്തിനുള്ളിൽ സ്വർണ്ണ വില 10 ഗ്രാമിന് 1,700 രൂപ കുറഞ്ഞു.
ഓഗസ്റ്റ് 7ന് 56,200 രൂപ വരെ സ്വർണ വില ഉയർന്നിരുന്നു.

ആഗോള വിപണിയിൽ സ്പോട്ട് ഗോൾഡ് വില ഔൺസിന് 1,933.37 ഡോളറായി കുറഞ്ഞു. 2,000 ഡോളറിനുമുകളിലെത്തിയ വിലയാണ് രണ്ടാഴ്ചകൊണ്ട് ഈ നിലവാരത്തിലെത്തിയത്.
യുഎസ് ഫെഡ് റിസർവിന്റെ തീരുമാനങ്ങളും വൻതോതിലുള്ള ലാഭമെടുപ്പുമാണ് സ്വർണവിലയെ ബാധിച്ചത്.