കോൺഗ്രസിന് പൂർണ്ണസമയ നേതൃത്വവും അടിമുടി മാറ്റവും ആവശ്യപ്പെട്ട് മുതിർന്ന നേതാക്കൾ

ന്യൂഡെൽഹി: കോൺഗ്രസിന് പൂർണ്ണസമയ നേതൃത്വവും അടിമുടി മാറ്റവും ആവശ്യപ്പെട്ട് മുതിർന്ന നേതാക്കൾ രംഗത്ത്. ഈ ആവശ്യമുന്നയിച്ച് ശശി തരൂർ, പിജെ കുര്യൻ എന്നിവർ ഉൾപ്പടെ 23 നേതാക്കൾ സോണിയഗാന്ധിക്ക് കത്തയച്ചു. പൂർണ്ണസമയ നേതൃത്വം വേണമെന്നാണ് നേതാക്കളുടെ പ്രധാന ആവശ്യം. കഴിഞ്ഞ കാലങ്ങളിലെ പാർട്ടിയുടെ തോൽവിയിൽ തുറന്ന മനസ്സോടെ പഠിക്കണമെന്നും കത്തില്‍ പറയുന്നു.

ആരെങ്കിലും ഒരാളുടെ മാത്രം കുഴപ്പം കൊണ്ടല്ല പാർട്ടിക്ക് മുന്നേറാൻ കഴിയാഞ്ഞതെന്നാണ് നേതാക്കളുടെ അഭിപ്രായം. കേന്ദ്ര സർക്കാരിൻ്റെ ജനവിരുദ്ധ നയങ്ങൾക്കെതിരേ അഭിപ്രായം സ്വരൂപിക്കാൻ പാർട്ടിക്ക് കഴിഞ്ഞിട്ടില്ല. നിരവധി അനുകൂല സാഹചര്യങ്ങൾ ഉണ്ടായിട്ടും പ്രയോജനപ്പെടുത്താൻ കഴിയാത്തത് കൂട്ടായ ആലോചനയും പ്രവർത്തനവും ഇല്ലാത്തതുമാണെന്ന് ഇവർക്ക് ആക്ഷേപമുണ്ട്.

മധ്യപ്രദേശിൽ സംസ്ഥാനഭരണം ലഭിച്ചിട്ടും അത് നഷ്ടമാക്കിയത് സംഘടനാ സംവിധാനത്തിലെ പോരായ്മായി നേതാക്കൾ വിലയിരുത്തുന്നു. രാജസ്ഥാനിലേതുപോലെ നേത്യത്വം മധ്യപ്രദേശ് കോൺഗ്രസ് ഘടകത്തിന് വേണ്ട പിന്തുണയും മാർഗ നിർദേശവും നൽകിയിരുന്നെങ്കിൽ ബിജെപിയിലേക്ക് പാർട്ടിയിൽ നിന്ന് ഒഴുക്ക് ഉണ്ടാകില്ലായിരുന്നുവെന്ന് തഴയപ്പെട്ട ചില കേന്ദ്ര നേതാക്കൾക്ക് അഭിപ്രായമുണ്ട്.

നിര്‍ണായക പ്രവര്‍ത്തകസമിതി യോഗം നാളെ ചേരാനിരിക്കെയാണ് സോണിയഗാന്ധിക്ക് നേതാക്കൾ കത്തയച്ചത്. ആറ് ആവശ്യങ്ങളാണ് കത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. സംഘടന തെരഞ്ഞെടുപ്പ് സുതാര്യമാക്കാൻ സ്വതന്ത്ര്യ അതോറിറ്റി വേണം. ഭരണഘടന പ്രകാരം എഐസിസി വരെ തെരഞ്ഞെടുപ്പ് നടത്തണമെന്നും പാർട്ടി വിട്ടവരെ തിരിച്ചെടുക്കണമെന്നും കത്തിൽ ആവശ്യപ്പെടുന്നു. പാർലമെന്‍റി ബോർഡ് രൂപീകരിക്കണം എന്നാവശ്യവും നേതാക്കൾ കത്തിൽ ഉന്നയിക്കുന്നുണ്ട്. എഐസിസിയിലും പിസിസിയിലും മുഴുവൻ സമയ അധ്യക്ഷൻ വേണം എന്നാണ് മറ്റൊരു പ്രധാന ആവശ്യം.