ജിസിഡിഎ ഗസ്റ്റ് ഹൗസിലെ ഉപകരണങ്ങൾ കടത്തിയ കേസ്; എൻ വേണുഗോപാലിനെ അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടു

കൊച്ചി: ജി സി ഡി എ ഗസ്റ്റ് ഹൗസിൽ നിന്ന് ഫർണിച്ചറുകൾ കടത്തിയ കേസിൽ കെപിസിസി ജനറൽ സെക്രട്ടറിയും മുൻ ജി സി ഡി എ ചെയർമാനുമായ എൻ വേണുഗോപാലിനെ അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടു. 2016 ലെ ജിസിഡിഎ സെക്രട്ടറി ആണ് വേണുഗോപാലിനെതിരെ പരാതി നൽകിയത്.

ഒന്നേ കാൽ ലക്ഷം രൂപയുടെ ഉപകരണങ്ങൾ കടത്തി എന്നാണ് വേണുഗോപാലിനെതിരെയുള്ള പരാതി. വേണുഗോപാലിന് ഒപ്പം മൂന്ന് ജീവനക്കാരെയും അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടു. ഇതിനിടെ, എറണാകുളം സെഷൻസ് കോടതിയെ സമീപിച്ച് വേണുഗോപാൽ മുൻകൂർ ജാമ്യം എടുത്തിരുന്നു. അന്വേഷണവുമായി സഹകരിക്കാനുള്ള കോടതിയുടെ നിർദ്ദേശത്തെ തുടർന്നാണ് കടവന്ത്ര പൊലീസ് സ്റ്റേഷനിൽ ഹാജരായത്.

ഒന്നേ കാൽ ലക്ഷം രൂപയുടെ ഉപകരണങ്ങൾ കാണാനില്ല എന്ന പരാതിയിൽ പൊലീസ് അന്വേഷണം നടത്തി 50000 രൂപയുടെ ഉപകരണങ്ങൾ കണ്ടെത്തിയിരുന്നു. എൻ വേണുഗോപാലിന് പുറമെ അസി. ജി സി ഡി സിവിൽ സെക്ഷൻ എൻജിനീയർ ഷൈനി, മുൻ അസി. എക്സിക്യൂട്ടീവ് എൻജിനീയർ മോഹനദാസൻ, ഇലക്ട്രിക്കൽ സെക്ഷൻ മുൻ അസി. എൻജിനീയർ ദിലീപ് ഗോപാലകൃഷ്ണൻ എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടത്.