മൂന്നുപീടികയിലെ ജ്വല്ലറിയിലെ സ്വർണ കവർച്ചക്കേസ്; വായ്പാ ഇളവിന് ഉടമയുടെ ഭാവനാ വിലാസം

തൃശൂർ; മൂന്നുപീടികയിലെ ഗോൾഡ് ഹാർട്ട് ജ്വല്ലറി കവർച്ചക്കേസിൽ സ്വർണം നഷ്ടപ്പെട്ടിട്ടില്ലെന്ന് പൊലീസ്. ഉടമയെയും ജീവനക്കാരനെയും വിശദമായി ചോദ്യംചെയ്തതിൽനിന്നാണ് ഈ നിർണായകവിവരങ്ങൾ ലഭിച്ചത്. മൂന്ന് കിലോയിൽ അധികം സ്വർണം നഷ്ടപ്പെട്ടു എന്നായിരുന്നു ജ്വല്ലറി ഉടമകൾ പറഞ്ഞിരുന്നത്. എന്നാൽ ജ്വല്ലറിയിൽ സ്വർണം ഉണ്ടായിരുന്നില്ല എന്നാണ് പൊലീസിന്റെ കണ്ടെത്തൽ. വായ്പ തിരിച്ചടവിൽ നിന്ന് രക്ഷപ്പെടാനുള്ള നാടകമാണോ ഇതെന്നും പൊലീസ് സംശയിക്കുന്നുണ്ട്. ‘

ജൂവലറിയുടെ ഭിത്തി കുത്തിത്തുരന്ന് ആരോ അകത്തുകടന്നിട്ടുണ്ട്. എന്നാൽ, ഉടമ പറയുംപോലെ ഭൂമിക്കടിയിലെ രഹസ്യ അറ തുറന്നിട്ടില്ലെന്നും അതിൽ സ്വർണം സൂക്ഷിച്ചിരുന്നില്ലെന്നും പോലീസ് കണ്ടെത്തി. അതേസമയം കടയിലെ സെയിൽസ് കൗണ്ടറിലെ മേശപ്പുറത്തുണ്ടായിരുന്ന ആഭരണങ്ങൾ സ്വർണമായിരുന്നില്ല.

ആറുകിലോ സ്വർണം സ്റ്റോക്കുണ്ടെന്നു കാണിച്ച് ബാങ്കിൽനിന്ന്‌ ഉടമ വൻതുക വായ്പയെടുത്തിട്ടുണ്ട്. ഈ വായ്പയ്ക്ക് ബാങ്ക് ഇൻഷുറൻസ് പരിരക്ഷ ഏർപ്പെടുത്തിയിട്ടുമുണ്ട്. സ്വർണം നഷ്‌ടപ്പെട്ടതായി കാണിച്ച് വായ്പതിരിച്ചടവിൽനിന്ന്‌ രക്ഷപ്പെടാനായി ഉടമ കെട്ടിച്ചമച്ച കഥയാണോ മോഷണമെന്നും പോലീസ് സംശയിക്കുന്നുണ്ട്. നിരവധിയാളുകളിൽനിന്നും പണം നിക്ഷേപമായി സ്വീകരിച്ച് പലവിധ ബിസിനസുകൾ നടത്തിയ ഉടമയ്ക്ക് ഇതിൽ കനത്ത നഷ്ടം സംഭവിച്ചിരുന്നതായും പോലീസിന് സൂചന ലഭിച്ചിട്ടുണ്ട്.

വെള്ളിയാഴ്‌ച രാവിലെ പത്തോടെയാണ് ജൂവലറി മോഷണക്കഥ പുറത്തറിയുന്നത്. ആറുമാസമായി കച്ചവടവും ആളനക്കവുമില്ലാതെ കിടന്ന ഗോൾഡ് ഹാർട്ട് ജൂവലറി കുത്തിത്തുരന്ന് മൂന്നേകാൽ കിലോ സ്വർണം കവർന്നുവെന്നാണ്‌ പരാതി. ഭിത്തിയുടെ ദ്വാരം ചെറുതായിരുന്നതും ലോക്കർ പൊളിക്കാതിരുന്നതും പൊലീസിനെ സംശയത്തിലാക്കി. സിസിടിവിയോ സെക്യൂരിറ്റിയോ ജ്വല്ലറിക്കുണ്ടായിരുന്നില്ല