തിരുവനന്തപുരം: ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെട്ട ഒരു സംസ്ഥാന സർക്കാർ ചെയ്തു എന്ന് വിശ്വസിക്കാൻ സാധിക്കാത്ത തരത്തിലുള്ള ഒത്തുകളിയാണ് തിരുവനന്തപുരം വിമാനത്താവളത്തിന്റെ കാര്യത്തിൽ സംസ്ഥാന സർക്കാർ അദാനിയുമായി ചേർന്ന് നടത്തിയിരിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.
വിമാനത്താവളത്തിന്റെ സ്വകാര്യവൽക്കരണത്തെ തങ്ങൾ എതിർക്കുന്നു എന്ന് പറഞ്ഞ് തുടങ്ങിയ സർക്കാർ പിന്നീട് അതേ വിമാനത്താവളം വാങ്ങാനുള്ള ലേലത്തിൽ പങ്കെടുത്തുകൊണ്ട് സ്വകാര്യവൽക്കരണം തടയാൻ തങ്ങൾ പരമാവധി ശ്രമിക്കുകയാണ് എന്ന തോന്നലുണ്ടാക്കാൻ പോലും ശ്രമിച്ചു. എന്നാൽ അതെല്ലാം ജനങ്ങളുടെ കണ്ണിൽ പൊടിയിടാൻ മാത്രമുള്ള പൊറാട്ടു നാടകങ്ങൾ മാത്രമായിരുന്നു എന്നാണ് പുറത്തു വന്ന വസ്തുതകൾ തെളിയിക്കുന്നത്.
ലേലത്തിൽ പങ്കെടുക്കാൻ ആവശ്യമായ സാങ്കേതിക, നിയമ സഹായങ്ങൾക്കും, സർക്കാരിന്റെ ലേലത്തുക എത്രയായിരിക്കണം എന്ന് തീരുമാനിക്കാനും അദാനിയുടെ കുടുംബം തന്നെ നടത്തുന്ന നിയമസ്ഥാപനത്തോട് ഉപദേശം ചോദിക്കാനുള്ള കേരള സർക്കാരിന്റെ തീരുമാനം ജനവഞ്ചനയല്ലാതെ മറ്റൊന്നുമല്ല. ലേലത്തിൽ പരാജയപ്പെട്ട കേരള സർക്കാരിനും, വിജയിച്ച അദാനിയ്ക്കും ലേലത്തുക നിശ്ചയിച്ചു നൽകിയതും, നിയമസഹായം നൽകിയതും അദാനിയുടെ മരുമകളുടെ കമ്പനിയാണ്. അതിൽ അവർ ആരോടാണ് ആത്മാർത്ഥത കാണിച്ചത് എന്ന കാര്യം ലേലത്തിന്റെ ഫലത്തിൽ നിന്നു വളരെ വ്യക്തമാണെന്ന് ചെന്നിത്തല അഭിപ്രായപ്പെട്ടു.
ഒരേ സ്ഥാപനം ഒരേ ലേലത്തിൽ പങ്കെടുക്കുന്ന അവരുടെ രണ്ടു കക്ഷികൾക്ക് കൊടുക്കുന്ന നിയമോപദേശം എന്തായാലും ഒരാളെ സഹായിക്കാൻ പോകുന്നുള്ളൂ എന്ന് മനസ്സിലാക്കാൻ എല്ലാത്തിനും ഉപദേശകരുള്ള മുഖ്യമന്ത്രിയ്ക്ക് സാധിക്കാത്തത് അത്ഭുതകരമാണ് . അതായത് സർക്കാരിന് ക്വോട്ട് ചെയ്യാനുള്ള തുകയുടെ രഹസ്യസ്വഭാവം ആദ്യമേ നഷ്ടപ്പെട്ടു എന്നർത്ഥം.എന്നു വെച്ചാൽ ചോരുന്ന പാത്രവുമായി വെള്ളം കോരാൻ പോയതുപോലെയാണ് സർക്കാർ ലേലത്തിന് പോയത്. അതു കൊണ്ട് 24ന് നിയമസഭയില്‍ ഈ പ്രമേയം വരുന്നതിന് മുമ്പ് ഈ കാര്യത്തില്‍ വ്യക്തത വരുത്തണമെന്ന് ചെന്നിത്തല ആവശ്യപ്പെട്ടു.