സമരം ചെയ്യുന്ന ജൂനിയർ നഴ്സുമാർ നാളെത്തന്നെ ജോലിയിൽ കയറിയില്ലെങ്കിൽ രജിസ്ട്രേഷൻ റദ്ദാക്കുമെന്ന് ഭീഷണി

കോട്ടയം: സമരം ചെയ്യുന്ന ജൂനിയർ നഴ്സുമാർക്കെതിരെ ഭീഷണി. നാളെത്തന്നെ ജോലിയിൽ കയറിയില്ലെങ്കിൽ രജിസ്ട്രേഷൻ റദ്ദാക്കുമെന്നാണ് മുന്നറിയിപ്പ്. കൊറോണ പ്രതിരോധത്തിനിടെ ജൂനിയർ നഴ്സുമാർ സമരം തുടങ്ങിയ സാഹചര്യത്തിലാണ് സംസ്ഥാനത്തെ നഴ്സിങ് വിദ്യാർത്ഥിനികളെ തിരികെ വിളിക്കാനുള്ള തീരുമാനം വന്നത്. സർക്കാർ മെഡിക്കൽ കോളേജുകളിലെ അവസാന വർഷ ബിഎസ്‌സി, ജിഎൻഎം വിദ്യാർഥികളെയാണ് തിരികെ വിളിക്കുന്നത്.

കോട്ടയം മെഡിക്കൽ കോളേജിലെ ജൂനിയർ നഴ്സുമാർക്കാണ് ഇത്തരത്തിൽ ഭീഷണിസ്വരത്തിലുള്ള മുന്നറിയിപ്പ് ലഭിച്ചത്. ഈ മാസം 24 മുതൽ അക്കാദമിക് , ക്ലിനിക് ഡ്യൂട്ടിക്ക് ഹാജരാകാൻ വിദ്യാർത്ഥികളോട് ആവശ്യപ്പെടണമെന്ന് പ്രിൻസിപ്പാളുമാർക്ക് സംസ്ഥാന ആരോഗ്യവകുപ്പ് നിർദ്ദേശം നൽകിയിട്ടുണ്ട്.

സംസ്ഥാനത്തെ മെഡിക്കൽ കോളേജുകളിലെ 375 ജൂനിയർ നഴ്‌സുമാരാണ് ശമ്പളവർധന ആവശ്യപ്പെട്ട് ഇന്ന് മുതൽ അനിശ്ചിതകാല സമരം ആരംഭിച്ചത്. സ്റ്റാഫ് നഴ്സിന് നൽകുന്ന അടിസ്ഥാന വേതനമെങ്കിലും അതേ ജോലി ചെയ്യുന്ന ജൂനിയർ നഴ്സുമാർക്ക് നൽകണമെന്നാണ് ഇവരുടെ ആവശ്യം.

തിരുവനന്തപുരം , ആലപ്പുഴ, എറണാകുളം ,തൃശൂർ തുടങ്ങി സംസ്ഥാനത്തെ ഏഴ് മെഡിക്കൽ കോളേജുകളിലെ ജൂനിയർ നഴ്സുമാരാണ് അനിശ്ചിത കാലത്തേക്ക് ജോലിയിൽ നിന്ന് വിട്ട് നിന്ന് പ്രതിഷേധിക്കാൻ തീരുമാനിച്ചത്. ബിഎസ്സി നേഴ്സിംഗ് പൂർത്തിയാക്കി കേരളത്തിലെ സർക്കാർ മെഡിക്കൽ കോളേജുകളിൽ ഒരു വ‌ർഷത്തെ ഇൻറേൺഷിപ്പിന് പ്രവേശിച്ചവരാണിവർ.

കൊറോണ ചികിത്സ പ്രതിരോധ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്ന മറ്റെല്ലാവർക്കും ശമ്പളം വർദ്ധിപ്പിച്ചെങ്കിലും ജൂനിയർ നഴ്സുമാരെ നാല് വർഷമായി ആരോഗ്യവകുപ്പ് അവഗണിക്കുകയാമെന്ന് ഇവർ ആരോപിക്കുന്നു. ജൂനിയർ നഴ്സുമാർക്ക് നിലവിൽ ലഭിക്കുന്ന ശമ്പളം 13900 രൂപയാണ്. ഇത് സ്റ്റാഫ് നഴ്സിന് ലഭിക്കുന്ന അടിസ്ഥാന ശമ്പളമായ 27800 രൂപയായി ഉയർത്തണമെന്നാണ് ഇവരുടെ ആവശ്യം.