ആലുവ: നാണയം വിഴുങ്ങിയ കുട്ടി മരിച്ച സംഭവത്തിൽ മരണ കാരണം ശ്വാസതടസമെന്ന് രാസപരിശോധന ഫലം. നാണയം വിഴുങ്ങിയത് മൂലമല്ല ശ്വാസ തടസം ഉണ്ടായത്. ആലുവ കടുങ്ങല്ലൂർ സ്വദേശിയായ മൂന്ന് വയസുകാരൻ പൃഥ്വിരാജാണ് മരിച്ചത്. ഒരു രൂപ നാണയം വിഴുങ്ങി 18 മണിക്കൂറിനകമായിരുന്നു മരണം. ചികിത്സാപിഴവ് മൂലമാണ് മരണമെന്ന ആരോപണം കുട്ടിയുടെ ബന്ധുക്കൾ ഉന്നയിച്ചിരുന്നു.
കുട്ടിക്ക് മുൻപും ശ്വാസതടസം ഉണ്ടായിട്ടുള്ളതായി സംശയം ഉയർന്നു. ആന്തരിക അവയവ പരിശോധനയിൽ അസ്വാഭാവികമായി ഒന്നും കണ്ടെത്താൻ കഴിഞ്ഞില്ലെന്ന് റിപ്പോർട്ടിൽ പറയുന്നു. മൂന്ന് ആശുപത്രികളുടെ അനാസ്ഥ ആരോപിക്കപ്പെട്ട വിഷയം സംസ്ഥാനത്ത് വലിയ തോതിൽ ചർച്ചയായിരുന്നു. പിന്നാലെ നടത്തിയ പരിശോധനയിൽ കുട്ടിയുടെ വയറ്റിൽ രണ്ട് നാണയങ്ങൾ ഉണ്ടായിരുന്നുവെന്ന് വ്യക്തമായി.
നാണയം വിഴുങ്ങിയതിന് പിന്നാലെ ആലുവ താലൂക്ക് ആശുപത്രി, എറണാകുളം ജനറൽ ആശുപത്രി, ആലപ്പുഴ മെഡിക്കൽ കോളേജ് എന്നിവിടങ്ങളിൽ കുട്ടിയെ എത്തിച്ചിരുന്നു. പഴവും വെള്ളവും കൊടുത്താൽ മലത്തിനോടൊപ്പം നാണയവും പുറത്തേക്ക് വരുമെന്ന് പറഞ്ഞ് ആശുപത്രികൾ ചികിത്സ നിഷേധിച്ചെന്നാണ് ബന്ധുക്കളുടെ ആരോപണം. കുട്ടി രണ്ട് നാണയങ്ങൾ വിഴുങ്ങിയിരുന്നതായി പോസ്റ്റ്മോർട്ടം പരിശോധനയിലാണ് കണ്ടെത്തിയത്. വൻ കുടലിൻറെ ഭാഗത്തായിരുന്നു നാണയങ്ങൾ ഉണ്ടായിരുന്നത്.