തിരുവനന്തപുരം: നടപ്പ് അധ്യായന വർഷത്തിൽ സംസ്ഥാനത്തെ സ്കൂൾ സിലബസ് വെട്ടിചുരുക്കേണ്ടെന്ന് തീരുമാനം. ഇന്ന് ചേർന്ന കരിക്കുലം കമ്മിറ്റിയാണ് സുപ്രധാന തീരുമാനമെടുത്തത്. നിലവിൽ നടക്കുന്ന ഓൺലൈൻ ക്ലാസുകൾ തൽകാലം ഇതേ രീതിയിൽ തുടരും. ഇതുവരെയുള്ള ഓൺലൈൻ ക്ലാസുകളുടെ അടിസ്ഥാനത്തിൽ ഗുണവും ദേഷവും വിലയിരുത്താനും സ്കൂൾ തുറക്കുമ്പോൾ പഠനത്തിൽ എന്തൊക്കെ മാറ്റങ്ങൾ വരുത്തണമെന്നതുൾപ്പടെയുള്ള കാര്യങ്ങൾ പഠിക്കാൻ പ്രത്യേക സമിതി രൂപീകരിച്ചു.
എസ്ഇആർടി ഡയറക്ടറുടെ നേതൃത്വത്തിലാണ് സമിതി.
ദിവസേന കൊറോണ വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ കരിക്കുലം കമ്മിറ്റി തീരുമാനം അശാസ്ത്രീയമാണെന്ന് ചൂണ്ടി കാണിക്കപ്പെടുന്നു. പ്രായോഗികമല്ലാത്ത തീരുമാനങ്ങൾ തിരുത്തേണ്ടി വരുമെന്നും അധ്യാപക സംഘടനകൾ അടക്കം പറയുന്നു.
സ്കൂൾ തുറക്കുന്ന കാര്യത്തിൽ കേന്ദ്രതീരുമാനം അനുസരിച്ചായിരിക്കും സംസ്ഥാനത്തും തീരുമാനം എടുക്കുക. അതേസമയം ഏപ്രില്‍, മേയ് മാസങ്ങളിലെ മധ്യവേനല്‍ അവധി കൂടി ഇക്കൊല്ലത്തെ അധ്യായനത്തിനും, വാര്‍ഷിക പരീക്ഷകള്‍ക്കുമായി ക്രമീകരിക്കാനാണ് സര്‍ക്കാര്‍ ആലോചിക്കുന്നത്.
എന്നാൽ സ്കൂളുകള്‍ ഡിസംബറില്‍ തുറക്കാനായാലാണ് വേനല്‍ അവധി മാസങ്ങള്‍ പ്രയോജനപ്പെടുത്താന്‍ സര്‍ക്കാര്‍ ആലോചിക്കുന്നത്. ശനിയാഴ്ചകളില്‍ ഉള്‍പ്പെടെ ഡിസംബര്‍ മുതല്‍ ഏപ്രില്‍ വരെ തുടര്‍ച്ചയായി അഞ്ച് മാസം സ്കൂളില്‍ അധ്യായനം നടത്തണം. ഇപ്പോള്‍ നടക്കുന്ന ഓണ്‍ലൈന്‍ ക്ലാസുകളുടെ തുടര്‍ച്ചയായി ബാക്കി പാഠഭാഗങ്ങള്‍ അതിനകം പരമാവധി പഠിപ്പിച്ചു തീര്‍ക്കാനാവും എന്നാണ് കണക്കാക്കുന്നത്.
അടുത്ത മധ്യവേനൽ അവധിക്കാലത്ത്, പ്രത്യേകിച്ച് മെയ് മാസത്തിലാകും സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്നതെന്നിരിക്കെ ഈ സമയത്ത് പരീക്ഷകൾ പ്രായോഗികമാകില്ലെന്ന് വിദഗ്ധർ പറയുന്നു.