പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ പീഡിപ്പിച്ച കേസിൽ അമ്മയും ബന്ധുവും അറസ്റ്റിൽ

കണ്ണൂർ: പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ പീഡിപ്പിച്ച കേസിൽ അമ്മയും ബന്ധുവും അറസ്റ്റിൽ. കണ്ണൂർ പരിയാരത്താണ് സംഭവം. പതിമൂന്നും പതിനാറും വയസ്സുള്ള കുട്ടികളാണ് പീഡനത്തിന് ഇരയായത്. പീഡനത്തിന് ഒത്താശ ചെയ്തുവെന്നും വിവരം മറച്ചുവച്ചു എന്നുമാണ് മാതാവിനെതിരായ കുറ്റം. കഴിഞ്ഞ മാസം 28നാണ് കുട്ടികൾ ബന്ധുവിന്റെ പീഡനത്തിന് ഇരയായത്.

ദാമ്പത്യ പ്രശ്നങ്ങളെ തുടർന്ന് കുട്ടികളുടെ അമ്മയും അച്ഛനും വേർപിരിഞ്ഞാണു താമസിക്കുന്നത്. കൗൺസിലിങ്ങിനിടെയിലാണു പീഡനത്തെ സംബന്ധിച്ച വിവരങ്ങൾ കുട്ടികൾ തുറന്നു പറഞ്ഞത്. ചൈൽഡ്‌ലൈൻ പ്രവർത്തകരുടെ പരാതിയിൽ പൊലീസ് കേസ് എടുക്കുകയായിരുന്നു. സംഭവം പുറത്തറിഞ്ഞതോടെ മധ്യവയസ്കനായ ബന്ധു ഒളിവിൽ പോയി. തുടർന്ന് പരിയാരം പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്.

വീട്ടിലെ നിത്യസന്ദർശകനായ ബന്ധു, അമ്മ ഇല്ലാത്ത തക്കം നോക്കി കുട്ടികളെ പീഡനത്തിന് ഇരയാക്കുകയായിരുന്നു. ഇതിനുമുൻപും കുട്ടികൾ പീഡനത്തിന് ഇരയായിട്ടുണ്ടെന്നാണ് പൊലീസ് കരുതുന്നത്. സംഭവത്തെ കുറിച്ച് വ്യക്തമായ അറിവുണ്ടായിട്ടും അമ്മ വിഷയം മറച്ചുവച്ചു എന്നാണ് പൊലീസ് അന്വേഷണത്തിൽ കണ്ടെത്തിയത്.