കുട്ടനാട്ടിലെ കാർഷിക വായ്പകൾ മുൻകാല പ്രാബല്യത്തോടെ ഏഴുതി തള്ളണം: മാർ ജോസഫ് പെരുന്തോട്ടം

ചമ്പക്കുളം /ആലപ്പുഴ: കുട്ടനാടൻ കർഷകരുടെ കാർഷിക വായ്പകൾ മുൻകാല പ്രാബല്യത്തോടെ ഏഴുതി തള്ളണമെന്ന് ചങ്ങനാശേരി ആർച്ച് ബിഷപ് മാർ ജോസഫ് പെരുന്തോട്ടം ആവശ്യപ്പെട്ടു. തുടർച്ചയായി ഉണ്ടായിക്കൊണ്ടിരിക്കുന്ന പ്രകൃതിക്ഷോഭം മൂലം കുട്ടനാടൻ കർഷകർ ദുരിതത്തിലാണ്. 2017 ലെ വരൾച്ച 2018 ലെ മഹാപ്രളയം 2019 ലെയും ഇപ്പോഴത്തെയും വെള്ളപ്പൊക്കം എല്ലാം കർഷകൻ്റെ ജീവിതം പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്.

2017 മുതൽ വിവിധ ബാങ്കുകളിൽ നിന്നും കർഷകർ എടുത്തിട്ടുള്ള നെല്ല്, പച്ചക്കറി, കന്നുകാലി വളർത്തൽ തുടങ്ങിയവയ്ക്കുള്ള മുഴുവൻ വായ്പകളും ഇപ്പോഴത്തെ പശ്ചാതലത്തിൽ എഴുതി തള്ളണമെന്ന് മാർ ജോസഫ് പെരുന്തോട്ടം അഭിപ്രായപ്പെട്ടു.

കഴിഞ്ഞ ആഴ്ചത്തെ വെള്ളപ്പൊക്കത്തിൽ 60 മുതൽ 80 ദിവസം വരെയായ നെൽച്ചെടികളാണ് വെള്ളത്തിലായത്. ഒരേക്കർ നിലത്തിന് പാട്ടമുൾപ്പെടെ 60,000 രൂപ പരെ മുടക്കിയാണ് ക്യഷിയിറക്കിയിരിക്കുന്നത്. പാടശേഖരങ്ങളിൽ മട വീണതിനെ തുടർന്ന് പുറംബണ്ട് ബലപ്പെടുത്താൻ പലയിടങ്ങളിലും രണ്ടു ലക്ഷം മുതൽ ആറുലക്ഷം രൂപ വരെ മുടക്കേണ്ട സ്ഥിതിയാണുള്ളത്.

എല്ലാം നഷ്ടപ്പെട കർഷകർക്ക് ഇത്രയധികം ഭാരിച്ച ബാധ്യത ഏറ്റെടുക്കാനാവില്ല.പാടശേഖരങ്ങളിലെ പമ്പിംഗ് മോട്ടറുകളും വെള്ളത്തിലാണ്. എല്ലാ പാടശേഖര സമിതികളും കൂടിയ പലിശയ്ക്കു പണം കടം വാങ്ങിയാണ് കൃഷിയിറക്കിയിരിക്കുന്നത്.
ഈ അടിയന്തിരഘട്ടത്തിൽ മട കുത്തുന്നതിനുള്ള ചെലവുകൾ സർക്കാർ വഹിക്കണമെന്ന് ആർച്ച് ബിഷപ് മാർ ജോസഫ് പെരുന്തോട്ടം ആവശ്യപ്പെട്ടു.

തോടുകളുടെയും ആറുകളുടെയും ആഴം കൂട്ടാത്തതും എസി കനാൽ തുറക്കാത്തതുമാണ് തുടർച്ചയായുണ്ടാകുന്ന വെള്ളപ്പൊക്കത്തിന് പ്രധാന കാരണം. സർക്കാർ ഇതിന് സത്വര പരിഹാരം കാണണം.അടുത്ത കൃഷിക്കുള്ള വിത്തും വളവും സർക്കാർ നൽകണം.വിളവ് നഷ്ടപ്പെട്ട കർഷകരുടെ ഇൻഷുറൻസ് പ്രീമിയം ഉടൻ നൽകണമെന്നും മാർ പെരുന്തോട്ടം അഭ്യർഥിച്ചു.

കുട്ടനാട്ടിൽ വെള്ളപൊക്കം വരുത്തിയ കാർഷിക നാശനഷ്ടങ്ങൾ വിലയിരുത്തി കർഷകരെ സഹായിക്കാനും കാർഷിക രംഗത്തെ പ്രതിസന്ധിക്ക് അടിയന്തിര പരിഹാരം കാണാനും കൃഷിമന്ത്രി കുട്ടനാട് സന്ദർശിക്കണമെന്ന് മാർ പെരുന്തോട്ടം ആവശ്യപ്പെട്ടു. കുട്ടനാട്ടിലെ പ്രളയബാധിത പ്രദേശങ്ങൾ സന്ദർശിച്ച് കർഷകർക്കുണ്ടായ നാശനഷ്ടം നേരിൽ കണ്ട ശേഷമാണ് മാർ പെരുന്തോട്ടം കാർഷിക കടങ്ങൾ എഴുതി തള്ളണമെന്ന ആവശ്യം മുന്നോട്ട് വച്ചത്.

ആർച്ച് ബിഷപ് മാർ ജോസഫ് പെരുന്തോട്ടത്തിനൊപ്പം അതിരൂപത ചാസ്സ് ഡയറക്ടർ ഫാ.ജോസഫ് കളരിക്കൽ, ഫാ.ജോസ് മുകളേൽ, ഫാ. എബ്രഹാം കാടാത്തുകളം, ഫാ. ജോർജ് പനക്കേഴം, ഫാ. തോമസ് പുത്തൻപുരയിൽ, കർഷക പ്രതിനിധികളായ ജോസി കുര്യൻ, സി. റ്റി. തോമസ്, ഫിലിപ്പ് തോമസ് മുടന്താഞ്ഞലി, കുട്ടപ്പൻ പാലാത്ര, ജോസഫുകുട്ടി വളയത്തിൽ തുടങ്ങിയവരും പ്രളയബാധിത പ്രദേശങ്ങൾ സന്ദർശിച്ചു.