രാജസ്ഥാനിൽ അവിനാശ് പാണ്ഡെയെ മാറ്റി അജയ്മാക്കന് ചുമതല; കോൺഗ്രസിലെ ഭിന്നത പരിഹരിക്കാൻ മൂന്നംഗ സമിതി

ജയ്പൂർ: രാജസ്ഥാൻ ചുമതലയുള്ള കോൺഗ്രസ് ജനറൽ സെക്രട്ടറി അവിനാശ് പാണ്ഡെയെ ചുമതലയിൽ നിന്ന് മാറ്റി മുതിർന്ന നേതാവ് അജയ്മാക്കന് ചുമതല നൽകി. സംസ്ഥാന കോൺഗ്രസ് ഘടകത്തിലെ പ്രതിസന്ധി പരിഹരിക്കാൻ എഐസിസി മൂന്നംഗ സമിതിയെയും നിയമിച്ചു.

എഐസിസി ജനറൽ സെക്രട്ടറിമാരായ അഹമ്മദ് പട്ടേൽ, കെ സി വേണുഗോപാൽ എന്നിവരെക്കൂടാതെ അജയ്മാക്കനെയും സമിതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഒരു മാസത്തെ വിമത നീക്കത്തിനൊടുവിൽ രാജേഷ് പൈലറ്റ് രാഹുൽ ഗാന്ധിയെ സന്ദർശിച്ച് കോൺഗ്രസിലേക്ക് മടങ്ങി വരാൻ സന്നദ്ധത പ്രകടിപ്പിച്ചപ്പോൾ അവിനാശ് പാണ്ഡെയെ ചുമതലയിൽ നിന്ന് മാറ്റണമെന്ന് സച്ചിൻ ആവശ്യപ്പെട്ടിരുന്നു.

രാഹുൽ നൽകിയ ഉറപ്പിനെ തുടർന്നാണ് അവിനാശിനെ ചുമതലയിൽ നിന്ന് മാറ്റിയത്. മുഖ്യമന്ത്രി അശോക് ഗെലോട്ടുമായുള്ള അഭിപ്രായ വ്യത്യാസത്തെ തുടർന്ന് രാജേഷ് പൈലറ്റ് നടത്തിയ വിമത നീക്കം പാർട്ടിയിലുണ്ടാക്കിയ ഭിന്നത പരിഹരിക്കുകയാണ് മൂന്നംഗ സമിതിയുടെ ദൗത്യം. ഒപ്പം സച്ചിന് അർഹമായ പരിഗണന ലഭിക്കുന്നില്ലെന്ന പരാതിയും സമിതി പരിഗണിക്കും.

അതേസമയം അവിനാശ് പാണ്ഡെയുടെ സംഭാവനയെ പാർട്ടി പൂർണ്ണഹൃദയത്തോടെ അഭിനന്ദിക്കുന്നുവെന്ന് എഐസിസി പുറത്തിറക്കിയ പത്രക്കുറിപ്പിൽ അറിയിച്ചു.

ജയ്പൂരിൽ നിന്ന് ഹരിയാനയിലെ മനേസറിലെ റിസോർട്ടിൽ 18 കോൺഗ്രസ് എം‌എൽ‌എമാർക്കൊപ്പം പോയ സച്ചിൻ പൈലറ്റിനെ ഡെപ്യൂട്ടി മുഖ്യമന്ത്രി സ്ഥാനത്തുനിന്നും രാജസ്ഥാൻ പ്രദേശ് കോൺഗ്രസ് കമ്മിറ്റി അധ്യക്ഷ സ്ഥാനത്തു നിന്നും ജൂലൈ 15 ന് നീക്കിയിരുന്നു.  അവിനാശ് പാണ്ഡെ കോൺഗ്രസ് കമ്മിറ്റി പിരിച്ചുവിട്ടതിന് പിന്നാലെ ഗോവിന്ദ് സിംഗ് ദോത്രാസയെ ആർ‌പി‌സി‌സി മേധാവിയായി നിയമിച്ചിരുന്നു.

കോൺഗ്രസ് പ്രസിഡൻറ് സോണിയ ഗാന്ധിയുടെയും ഉന്നത നേതൃത്വത്തിന്റെയും മുന്നിൽ ആവശ്യങ്ങൾ നിരത്തിയ പൈലറ്റ് വിഭാഗം പാർട്ടിയിൽ തിരിച്ചെത്തി നിയമസഭയിൽ ബിജെപി അവതരിപ്പിച്ച അവിശ്വാസ പ്രമേയത്തെ എതിർത്ത് വോട്ട് ചെയ്തിരുന്നു. ഈ മാസം 21 വരെ നിയമസഭാ സമ്മേളനമുണ്ട്. സമ്മേളനം കഴിഞ്ഞാൽ ഏറെ താമസിയാതെ സച്ചിൻ പൈലറ്റിന് ഉത്തരവാദിത്തപ്പെട്ട സ്ഥാനങ്ങൾ നൽകുമെന്നാണ് സൂചന.