രാജസ്ഥാനിൽ കോൺസിന് ഭീഷണിയില്ല; 120 എംഎൽഎ മാരുടെ പിന്തുണ ഉറപ്പാക്കി; വിശ്വാസവോട്ടിന് ഗെലോട്ട്

ജയ്പൂർ: രാഷ്ട്രീയ പ്രതിസന്ധിക്ക് വിരാമിട്ട് നിയമസഭയിൽ വെള്ളിയാഴ്ച വിശ്വാസവോട്ട് തേടുമെന്ന് മുഖ്യമന്ത്രി അശോക് ഗെലോട്ട്. ബിജെപി അവിശ്വാസ പ്രമേയം അവതരിപ്പിക്കുമെന്ന് പ്രഖ്യാപിച്ചതിനൊപ്പം വിശ്വാസവോട്ട് തേടാൻ ഗെലോട്ടും തീരുമാനിക്കുകയായിരുന്നു.കോൺഗ്രസ് നിയമസഭാകക്ഷി യോഗത്തിന് ശേഷമാണ് ഗെലോട്ട് വിശ്വാസവോട്ട് തേടുന്ന കാര്യം അന്തിമമായി പ്രഖ്യാപിച്ചത്.

ഗെലോട്ട് വിശ്വാസവോട്ടെടുപ്പ് തേടണോ അതോ ബിജെപിയുടെ അവിശ്വാസ പ്രമേയം ചർച്ചയ്ക്ക് എടുക്കണോ എന്ന് തീരുമാനിക്കാൻ നിയമസഭയുടെ ബിസിനസ് ഉപദേശക സമിതി വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് മൂന്നിന് യോഗം ചേരും. ഇതിൻ്റെ അടിസ്ഥാനത്തിലാകും സ്പീക്കറുടെ പ്രഖ്യാപനം.

വ്യാഴാഴ്ച വൈകുന്നേരം നടന്ന കോൺഗ്രസ് നിയമസഭാകക്ഷി യോഗത്തിൽ ഗെലോട്ടും പൈലറ്റും എം‌എൽ‌എമാരെ അഭിസംബോധന ചെയ്തു. ഉപമുഖ്യമന്ത്രിയാക്കിയതിന് ഗെലോട്ടിനും കോൺഗ്രസ് പ്രസിഡന്റ് സോണിയ ഗാന്ധിക്കും സച്ചിൻ പൈലറ്റ് നന്ദി പറഞ്ഞു. രാജസ്ഥാൻ കോൺഗ്രസ് മേധാവിയായിരുന്ന ആറുവർഷത്തെ പിന്തുണയ്ക്ക് അദ്ദേഹം നന്ദി അറിയിച്ചു.

പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തരമന്ത്രി അമിത് ഷായും രാജ്യത്ത് ജനാധിപത്യത്തെ ദുർബലപ്പെടുത്തുന്ന തിരക്കിലാണെന്ന് ബിജെപിയെ ആക്രമിച്ച അശോക് ഗെലോട്ട് പറഞ്ഞു.  രാജസ്ഥാനിലെ കോൺഗ്രസ് സർക്കാരിനെ അട്ടിമറിക്കാനുള്ള ബിജെപിയുടെ പദ്ധതിയെ ഞങ്ങൾ എങ്ങനെ പരാജയപ്പെടുത്തിയെന്ന് രാജ്യം മുഴുവൻ കാണുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

നേരത്തേ സച്ചിൻ പൈലറ്റിന്റെ നേത്യത്വത്തിൽ കോൺഗ്രസിൽ മടങ്ങിയെത്തിയ 18 വിമത എംഎൽഎമാർ ജയ്പൂരിലെ ഔദ്യോഗിക വസതിയിൽ ഗെലോട്ടിനെ പ്രത്യേകം കണ്ടിരുന്നു. എംഎൽഎമാരുമായുള്ള കൂടിക്കാഴ്ചയ്ക്ക് മുമ്പ് ഭൻ‌വർ‌ലാൽ ശർമ, വിശ്വേന്ദ്ര സിംഗ് എന്നിവരെ സസ്പെൻഡ് ചെയ്ത നടപടി കോൺഗ്രസ് റദ്ദാക്കിയിരുന്നു. പൈലറ്റ്-ഗെലോട്ട് കൂടിക്കാഴ്ചയ്ക്ക് നിമിഷങ്ങൾക്ക് മുമ്പാണ് സസ്‌പെൻഷൻ റദ്ദാക്കിയത്.

അശോക് ഗെലോട്ടിന്റെ നേതൃത്വത്തിലുള്ള കോൺഗ്രസ് സർക്കാരിനെതിരെ അവിശ്വാസ പ്രമേയം കൊണ്ടുവരുമെന്ന് ബിജെപി പാർട്ടിയുടെ നിയമസഭാ യോഗത്തിന് ശേഷം പ്രഖ്യാപിച്ചിരുന്നു. സർക്കാരിനെതിരെ രാജസ്ഥാൻ നിയമസഭയിൽ ബിജെപി അവിശ്വാസ പ്രമേയം കൊണ്ടുവരുമെന്ന് പ്രതിപക്ഷ നേതാവ് ഗുലാബ് ചന്ദ് കതാരിയ പറഞ്ഞു. മുൻ മുഖ്യമന്ത്രി വസുന്ധര രാജെയും ഗവർണർ കൽരാജ് മിശ്രയെ കണ്ടിരുന്നു.

സച്ചിൻ പൈലറ്റിൻ്റെ തിരിച്ചു വരവോടെ 200 അംഗ നിയമസഭയിൽ സഖ്യകക്ഷികളുടെയും സ്വതന്ത്രരുടെയും പിന്തുണയടക്കം 120 എംഎൽഎമാർ ഉപ്പമുണ്ടാകുമെന്നാണ് കോൺഗ്രസിൻ്റെ വിലയിരുത്തൽ. അതുകൊണ്ട് തന്നെ സർക്കാരിന് ഭീഷണിയില്ല.

അതേസമയം   മായാവതിയുടെ ബിഎസ്പി ഈ വർഷം ആദ്യം കോൺഗ്രസിൽ ചേർന്ന തങ്ങളുടെ ആറ് എം‌എൽ‌എമാർക്ക് വിപ്പ് നൽകിയിട്ടുണ്ട്. നിയമസഭാ സമ്മേളനത്തിനിടയിലോ മറ്റേതെങ്കിലും കാര്യങ്ങളിലോ കോൺഗ്രസ് പാർട്ടിക്ക് വോട്ടുചെയ്യരുതെന്ന് പാർട്ടി വിപ്പ് നിർദേശിച്ചിട്ടുണ്ട്. ആറ് എം‌എൽ‌എമാരുടെ കേസ് രാജസ്ഥാൻ ഹൈക്കോടതി വെള്ളിയാഴ്ച രാവിലെ പരിഗണിക്കാനിരിക്കെയാണ് വിപ്പ് പുറപ്പെടുവിച്ചത്.
 
കോൺഗ്രസ് സി‌എൽ‌പി യോഗത്തിന് ശേഷം രാജസ്ഥാനിലെ സാഹചര്യത്തെക്കുറിച്ച് മുൻ ടൂറിസം മന്ത്രി വിശ്വേന്ദ്ര സിംഗ് ശുഭാപ്തി വിശ്വാസം പ്രകടിപ്പിച്ചു.“ഒന്നും പറയാനില്ല. കോൺഗ്രസ് ഒറ്റക്കെട്ടായി നിൽക്കുന്നു. മുഖ്യമന്ത്രി അശോക് ഗെലോട്ട് സി‌എൽ‌പി നേതാവാണ്, എല്ലാവരേയും ബഹുമാനിക്കുന്നു. എല്ലാം നന്നായി അവസാനിക്കുകയാണ് ” എന്നാണ് വിശ്വേന്ദ്ര സിംഗ് പ്രതികരിച്ചത്.

ജൂലൈ മാസം ആദ്യം സച്ചിൻ പൈലറ്റ് പൈലറ്റും സംഘവും കലാപക്കൊടി ഉയർത്തിയതോടെ രാജസ്ഥാനിൽ രൂപം കൊണ്ട രാഷ്ട്രീയ പ്രതിസന്ധി ഇതോടെ അവസാനിക്കുമെന്നാണ് വിലയിരുത്തൽ.