കുട്ടനാട്ടിൽ ജലനിലരപ്പിൽ നേരിയ കുറവ്; ദുരിതമൊഴിയാൻ ദിവസങ്ങളെടുക്കും

ആലപ്പുഴ: ക​ന​ത്ത മ​ഴ​യും കിഴക്കൻ വെള്ളത്തിൻ്റെ വരവും ദുരിതം വിതച്ച കുട്ടനാട്ടിൽ ജലനിലരപ്പിന് നേരിയ കുറവ്. എങ്കിലും പ്രദേശത്തെ ഒട്ടുമിക്ക സ്ഥലങ്ങളും വെള്ളത്തിലാണ്. കിഴക്കൻ വെള്ളത്തിൻ്റെ വരവു കുറഞ്ഞതും കനത്ത മഴ കുറഞ്ഞതും കുട്ടനാട്ടുകാർക്ക് ചെറിയൊരു ആശ്വാസമായിട്ടുണ്ട്. ഏക്കറുകണക്കിന് നെൽക്കൃഷി ഇപ്പോഴും പൂർണമായും വെള്ളത്തിലാണ്. വീടുകളിൽ വെള്ളം കയറിയതിനെ തുടർന്ന് നല്ലൊരു ശതമാനം ജനങ്ങൾ ബന്ധുവീടുകളിലേക്കും ക്യാമ്പുകളിലേക്കും മാറിയിരുന്നു.

കൈനകരി, ചമ്പക്കുളം, പുളിങ്കുന്ന്, കാവാലം, വെളിയനാട്, രാമങ്കരി, മുട്ടാർ, എടത്വ, പച്ച തുടങ്ങി കുട്ടനാട്ടിലെ മിക്ക പ്രദേശങ്ങളും ഒറ്റപ്പെട്ട നിലയിലാണ്. ഒട്ടുമിക്ക സ്ഥാപനങ്ങളും കച്ചവട സ്ഥലങ്ങളും വെള്ളത്തിലാണ്. വെള്ളം കയറാത്ത വീടുകൾക്ക് പുറത്തിറങ്ങാൻ പോലും വള്ളം വേണ്ട അവസ്ഥയാണ്.

ഏക്കറ്റുകണക്കിന് പാടശേഖരങ്ങളിലെ കൃഷി നശിച്ചു. മടവീഴ്ചയ്ക്ക് പുറമെ ബണ്ടുകൾക്ക് മുകളിലൂടെ ജലം കവിഞ്ഞു കയറിയതും വ്യാപക കൃഷിനാശത്തിന് കാരണമായി. ആയിയിരക്കണക്കിന് ഏക്കറിലെ നെൽകൃഷി വെള്ളത്തിലാണ്. കൃഷി നാശമില്ലാത്ത ഒരു പാടശേഖരം പോലും പ്രദേശത്തില്ല. അപ്പർകുട്ടനാട്ടിലും സ്ഥിതി വ്യത്യസ്തമല്ല.

ആലപ്പുഴ-ചങ്ങനാശേരി റോഡിൽ വാഹന ഗതാഗതം മുടങ്ങിയിട്ട് ദിവസങ്ങളായി. ഞായറാഴ്ച മുതൽ കൂടുതൽ റോഡുകൾ വെള്ളത്തിലാണ്. തിരുവല്ല – അമ്പലപ്പുഴ റോഡിൽ വെള്ളം ഇറങ്ങി തുടങ്ങിയിട്ടുണ്ട്. എന്നാൽ പ്രദേശത്തെ മിക്ക റോഡുകളും വെള്ളത്തിൽ മൂടി കിടക്കുകയാണ്. മഴമാറി നിൽക്കുന്നതിനാൽ ഏതാനും ദിവസങ്ങൾക്കകം വെള്ളം ഇറങ്ങുമെന്ന പ്രതീക്ഷയിലാണ് കുട്ടനാട്ടുകാർ.